ക്രിമിനലുകളെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നത് നിങ്ങളാണ് ; സ്പീക്കറോട് ചാമക്കാല

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്എഫ്ഐയെ വിമര്‍ശിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ വിമര്‍ശിച്ച് കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. ചോര കണ്ട് അറപ്പുതീര്‍ന്ന ക്രിമിനലുകളെ വാര്‍ത്തെടുക്കുന്നതും അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണെന്ന് ചാമക്കാല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അരുത് സ്പീക്കര്‍ …. കരയിക്കരുത്
………………………..

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ബഹു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെഴുതിയ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി.

ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍ എന്ന് കുട്ടിസഖാക്കളോട് സ്പീക്കര്‍ ചോദിക്കുന്നു.

ഇതിന്റെയുത്തരം താങ്കള്‍ക്കു തന്നെ കണ്ടെത്താനാവും ശ്രീരാമകൃഷ്ണന്‍.

ഏറെ പുറകോട്ടൊന്നും പോവേണ്ട, 2015 മാര്‍ച്ച് 13 എന്ന ദിനം ഓര്‍ത്തെടുത്താല്‍ മതി….

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളില്‍ താങ്കളും സഹസഖാക്കളും ചേര്‍ന്ന് നടത്തിയ അക്രമങ്ങള്‍ മറന്നോ ?

കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കര്‍ക്ക് അറിയാമല്ലോ ?

അന്നും പിറ്റേന്നുമായി താങ്കളുടെ പാര്‍ട്ടിക്കാര്‍ തിരുവനന്തപുരം നഗരം യുദ്ധക്കളമാക്കിയത് നിങ്ങള്‍ മറന്നാലും കേരളം മറക്കില്ല.

അതേ, നിങ്ങളുടെ അതേ ‘ചിന്തയും വിയര്‍പ്പും’ ആണ് യൂണിവേഴ്‌സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്.

ആ ചിന്തയാണ് സ്വന്തം പാര്‍ട്ടിക്കാരന്റെ നെഞ്ചില്‍പ്പോലും കഠാര കയറ്റാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

ചോര കണ്ട് അറപ്പു തീര്‍ന്ന ക്രിമിനലുകളെ വാര്‍ത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണന്‍.
അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്.

ഈ കാപട്യമോര്‍ത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കര്‍…

ഈ മുതലക്കണ്ണീര്‍ കേരളത്തിന് വേണ്ട….

Top