യുണൈറ്റഡിന് മിന്നും ജയം;വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന ഗോളുകൾക്ക് തകര്‍ത്തു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കീഴടക്കിയത്. യുണൈറ്റഡിന് വേണ്ടി അലെജാന്‍ഡ്രോ ഗര്‍നാചോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റാസ്മസ് ഹോയ്‌ലുണ്ടും ഒരു ഗോള്‍ നേടി. തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് ഹോയ്‌ലുണ്ട് ഗോളടിക്കുന്നത്.

സ്വന്തം കാണികള്‍ക്കുമുന്‍പില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ എറിക് ടെന്‍ഹാഗിന്റെ ശിഷ്യര്‍ക്ക് സാധിച്ചു. 23-ാം മിനിറ്റില്‍ ഹോയ്‌ലുണ്ട് ആണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. കാസെമിറോയില്‍ നിന്ന് സ്വീകരിച്ച പന്തുമായി മുന്നേറിയ ഹോയ്‌ലുണ്ട് വെസ്റ്റ് ഹാം ഡിഫന്‍ഡേഴ്‌സിനെ കബളിപ്പിച്ച് ലക്ഷ്യം കണ്ടു. സീസണില്‍ ഹോയ്‌ലുണ്ട് സ്‌കോര്‍ ചെയ്യുന്ന പത്താമത്തെ ഗോളാണിത്.

രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. 49-ാം മിനിറ്റില്‍ ഗര്‍നാചോയിയാണ് യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടിയത്. 85-ാം മിനിറ്റില്‍ ഗര്‍നാചോ തന്നെ ലീഡ് ഉയര്‍ത്തി. മക്ടോമിനയുടെ തകര്‍പ്പന്‍ അസിസ്റ്റില്‍ നിന്നായിരുന്നു താരം തന്റെ രണ്ടാം ഗോളും യുണൈറ്റഡിന്റെ വിജയഗോളും കണ്ടെത്തിയത്. വിജയത്തോടെ 38 പോയിന്റ് നേടി യുണൈറ്റഡ് ആറാം സ്ഥാനത്തെത്തി. 36 പോയിന്റ് മാത്രമുളള വെസ്റ്റ് ഹാം ഏഴാം സ്ഥാനത്താണ്.

Top