യുഎന്‍ സുരക്ഷാ സമിതിയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിച്ച് പ്രമേയം; അമേരിക്ക വീറ്റോ ചെയ്തു

സാന്‍ ഫ്രാന്‍സിസ്കോ : യുഎന്‍ സുരക്ഷാ സമിതിയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിക്കുന്ന പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക. ബ്രസീല്‍ ആണ് ഗാസയില്‍ സഹായമെത്തിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. യുഎന്‍ സുരക്ഷാ സമിതിയിലെ 12 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ബ്രിട്ടണും വിട്ടുനിന്നു.

കഴിഞ്ഞ കുറച്ചു ദിവസമായി ഗാസയില്‍ സഹായമെത്തിക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ടിരുന്നില്ല. പ്രമേയം ബുധനാഴ്ചയാണ് അവതരിപ്പിച്ചത്. പ്രമേയം പ്രധാനപ്പെട്ടതാണെങ്കിലും വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും നേരിട്ടുള്ള നയതന്ത്ര പ്രവര്‍ത്തനങ്ങളെയാണ് തങ്ങള്‍ പിന്തുണക്കുന്നതെന്നും യുനൈറ്റഡ് നേഷന്‍സിലെ യു.എസ് അംബാസിഡര്‍ ലിന്‍ഡ തോമസ് പറഞ്ഞു. നേരിട്ടുള്ള നയതന്ത്ര ഇടപെടലിലൂടെ മാത്രമെ ആളുകളുടെ ജീവന്‍ രക്ഷിക്കാനാകുവെന്നും ഇക്കാര്യത്തില്‍ സുരക്ഷാ സമിതി ശരിയായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സുരക്ഷാ സമിതിയുടെ ഏതൊരു നടപടിയില്‍നിന്നും ഇസ്രയേലിനെ പിന്തുണക്കുന്നതാണ് യു.എസിന്റെ രീതി. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള റഷ്യയുടെ പ്രമേയവും കഴിഞ്ഞ ദിവസം തള്ളിപ്പോയിരുന്നു.

Top