മസ്ജിദില്‍ നിന്ന് ലൗഡ് സ്പീക്കര്‍ വഴിയുള്ള ബാങ്ക് വിളിക്ക് അനുമതി നല്‍കി അമേരിക്ക

കാലിഫോര്‍ണിയ: മസ്ജിദില്‍ നിന്നുള്ള ബാങ്ക് വിളിക്ക് അനുമതി നല്‍കി അമേരിക്കന്‍ നഗരമായ മിനിയാപൊളിസ്. ലൗഡ് സ്പീക്കര്‍ വഴി നമസ്‌ക്കാരത്തിനുള്ള ബാങ്ക് വിളിക്കാണ് സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്തുവരെയാണ് ബാങ്കുവിളിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സുബഹ്, ഇശാ നമസ്‌ക്കാരങ്ങള്‍ക്കുള്ള ബാങ്ക് ലൗഡ് സ്പീക്കര്‍ വഴി നല്‍കാനാവില്ല. ആളുകള്‍ ഉറങ്ങുന്ന സമയമായതിനാലാണ് കാരണം. കൗണ്‍സില്‍ നിര്‍ദേശിക്കുന്ന നിശ്ചിത ശബ്ദനിയന്ത്രണം പാലിച്ചായിരിക്കണം ബാങ്കുവിളി.

സിറ്റി കൗണ്‍സില്‍ അംഗമായ ജമാല്‍ ഉസ്മാനാണ് ബാങ്കുവിളിക്ക് ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുമതി തേടിയത്. അനുമതി നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനത്തെ ജമാല്‍ സ്വാഗതം ചെയ്തു.

ഇത് അമേരിക്കയാണ്. ഇവിടെ എല്ലാവര്‍ക്കും എവിടെ വെച്ചും തങ്ങളുടെ വിശ്വാസം പുലര്‍ത്താനുള്ള അനുമതിയുണ്ട്. രാജ്യത്തെ തുല്യതയുടെ അടയാളമാണ് കൗണ്‍സില്‍ തീരുമാനമെന്ന് ജമാല്‍ പറഞ്ഞു.

2004ല്‍ അമേരിക്കന്‍ നഗരമായ ഹാംട്രക്കിലാണ് ആദ്യമായി ലൗഡ് സ്പീക്കര്‍ വഴി ബാങ്കുവിളിക്ക് അനുമതി ലഭിച്ചത്. പിന്നീട് ഡിയര്‍ബോണ്‍, മിഷിഗണ്‍, പാറ്റേഴ്‌സണ്‍, ന്യൂജഴ്‌സി നഗരങ്ങളിലെല്ലാം ലൗഡ്‌സപീക്കര്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു.

Top