ആണവ നിരായുധീകരണം സംബന്ധിച്ച് ധാരണയായില്ല; ട്രംപ്- കിം നിര്‍ണായക ചര്‍ച്ച പരാജയപ്പെട്ടു

വിയറ്റ്‌നാം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ച പരാജയപ്പെട്ടു. വിയറ്റ്‌നാമിലെ ഹാനോയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

ഏറെ പ്രതീക്ഷയോടെ ലോകം ഉറ്റു നോക്കിയ ചര്‍ച്ചയാണ് പരാജയപ്പെട്ടിരിക്കുന്നത്. ആണവ നിരായുധീകരണം സംബന്ധിച്ച് ട്രംപും കിമ്മും തമ്മില്‍ ധാരണയിലെത്തിയില്ല. ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതായി വൈറ്റ് ഹൗസാണ് അറിയിച്ചിരിക്കുന്നത്.

ഉത്തര കൊറിയയ്ക്ക് മേലുള്ള ഉപരോധം നീക്കണമെന്ന കിം ജോങ്ങ് ഉന്നിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പിന്നീട് ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.

അതേസമയം, ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നല്ല ഒത്തു ചേരലായിരുന്നെന്നാണ് ചര്‍ച്ചയ്ക്കും വിരുന്നിനും ശേഷം ട്രംപ് ട്വീറ്റ് ചെയ്തത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഉത്തരകൊറിയന്‍ പ്രതിനിധി കിം യോങ് ചോയ് എന്നിവരും നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.

Top