ആവശ്യമുള്ളതെല്ലാം ചെയ്യും ; ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് കെല്‍പുണ്ടെന്ന് ഐക്യരാഷ്ട്ര സഭ

UN

ന്യൂഡല്‍ഹി : ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് കെല്‍പുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. ആവശ്യപ്പെടുന്ന സഹായം നല്‍കാന്‍ തയ്യാറാണെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.

ദുരിതാശ്വാപ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും യുഎന്‍ വ്യക്തമാക്കി. കേരളത്തിന് വേണ്ട സഹായങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ ഓഫീസ് നല്‍കുമെന്നും അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടേച്ചിന്റെ നിര്‍ദേശപ്രകാരമാണ് വിശദീകരണം. പ്രളയക്കെടുതി നേരിടാന്‍ സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും സ്വീകരിച്ച നടപടികള്‍ അഭിനന്ദനീയമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ഐക്യരാഷ്ട്ര സഭ. ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് സ്വീകരിക്കാനാകുമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിരുന്നത്.

എന്നാല്‍ കേരള സര്‍ക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും. വ്യക്തികള്‍ക്ക് അയയ്ക്കുന്നതില്‍ ഇളവില്ല.

ദേശീയദുരന്തനിവാരണ അതോറിറ്റി വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ആഗോളഏജന്‍സികളുടെ സഹായം വേണ്ടെന്ന് ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന ആശയവിനിമയത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന.

കേരളത്തിന് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വന്‍ തുക സഹായ വാഗ്ദാനം ചെയ്തിരുന്നു. യു.എ.ഇ 700 കോടി രൂപയുടെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ സഹായങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നിലപാട് എന്താണെന്ന്‌ വ്യക്തമല്ല.

Top