ഗസ്സയില്‍ അരലക്ഷത്തോളം ഗര്‍ഭിണികള്‍ ആരോഗ്യ പരിചരണം പോലും ലഭിക്കാതെ ദുരിതത്തില്‍; യുഎന്‍

ഗസ്സ സിറ്റി: ഗസ്സയില്‍ 50,000ത്തോളം ഗര്‍ഭിണികള്‍ അടിസ്ഥാന ആരോഗ്യ പരിചരണം പോലും ലഭിക്കാതെ ദുരിതത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ.പൂര്‍ണ ഗര്‍ഭിണികളായ 5522 പേരാണുള്ളതെന്ന് ഐക്യരാഷ്ട്ര സഭയുടെ പോപുലേഷന്‍ ഫണ്ട് (യു.എന്‍.എഫ്.പി.എ) പറയുന്നു. അടുത്ത മാസത്തെ പ്രസവ തിയതി കാത്തിരിക്കുന്നവരാണിവര്‍. ‘അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാതെ, ജനിക്കുന്ന കുഞ്ഞിന് എന്ത് സംഭവിക്കുമെന്നറിയാതെ, മതിയായ ആരോഗ്യപരിചരണമോ, വൃത്തിയുള്ള സാഹചര്യമോ, മാനസികവും ശാരീരികവുമായ പിന്തുണയോ ഇല്ലാതെ ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുന്നതിനെ കുറിച്ച് സങ്കല്‍പ്പിച്ചുനോക്കൂ’ -യു.എന്‍.എഫ്.പി.എയുടെ ഫലസ്തീന്‍ പ്രതിനിധി ഡൊമിനിക് അലന്‍ പറഞ്ഞു. അങ്ങേയറ്റം വേദനയുളവാക്കുന്ന വിവരങ്ങളാണ് ഗസ്സയിലെ ആശുപത്രികളില്‍ നിന്ന് പുറത്തുവരുന്നത്. പ്രസവവാര്‍ഡുകളില്‍ പോലും സുരക്ഷിതമായ സാഹചര്യമില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പതിനായിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാണെന്നും യുഎന്‍ വ്യക്തമാക്കി. വെള്ളവും ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങളുടെ ജീവിതം പൂര്‍ണമായും ദുരിതത്തിലായി. ഗാസാ മുനമ്പില്‍ ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍ ഏജന്‍സിയായ ഐസിആര്‍സി ആവശ്യപ്പെട്ടു.

ഗാസയ്ക്ക് ഇസ്രയേല്‍ സൈനിക വിന്യാസം തുടരുകയാണ്. വടക്കന്‍ഗാസ ഒഴിയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തെക്കന്‍ഗാസയിലേക്കുള്ള കൂട്ടപ്പലായനവും തുടരുന്നു. പശ്ചിമേഷ്യ അഗാധത്തിന്റെ വക്കിലാണെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നവരല്ലെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ 2,450 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അറിയിച്ചു. 1,400 ഇസ്രായേല്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 126 സൈനികരെയും ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനികരുടെ എണ്ണമോ,മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാനായിട്ടില്ല.

Top