ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അംഗത്വം; ആദ്യ പ്രവര്‍ത്തി ദിനത്തില്‍ ഇന്ത്യന്‍ പതാക ഉയരും

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രക്ഷാസമിതിയില്‍ ഇന്ത്യന്‍ പതാക ഉയരും. രക്ഷാസമിതിയിലെ താല്‍കാലിക അംഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തിയാകും പതാക ഉയര്‍ത്തുക. ഇന്ത്യക്ക് പുറമേ താത്കാലിക അംഗത്വം ലഭിച്ച നാലുരാജ്യങ്ങളുടെ പതാകകളും ചടങ്ങില്‍ സ്ഥാപിക്കും.

ഇന്ത്യക്ക് പുറമേ നോര്‍വേ, കെനിയ, അയര്‍ലന്‍ഡ്, മെക്‌സികോ എന്നിവരാണ് രക്ഷാസമിതിയില്‍ താത്കാലിക അംഗത്വം ലഭിച്ച മറ്റ് രാജ്യങ്ങള്‍. ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ., യു.എസ് എന്നീ രാജ്യങ്ങള്‍ സമിതിയിലെ സ്ഥിരാംഗങ്ങളാണ്.

എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയില്‍ താത്കാലിക അംഗമാകുന്നത്. 193 അംഗങ്ങളുളള പൊതുസഭയില്‍ 184 വോട്ട് നേടിയാണ് ഇന്ത്യ അംഗത്വം കരസ്ഥമാക്കിയത്. 2021 ഓഗസ്റ്റില്‍ ഇന്ത്യക്ക് രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ലഭിക്കും. അംഗരാജ്യങ്ങളെല്ലാവരും ഒരു മാസം വീതമാണ് സമിതിയുടെ അധ്യക്ഷ പദവി വഹിക്കുക. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരിക്കും ഓരോ രാജ്യങ്ങള്‍ക്കും ഊഴം ലഭിക്കുന്നത്.

2018ല്‍ ഖസാക്കിസ്ഥാനാണ് പതാക സ്ഥാപിക്കുന്ന ചടങ്ങ് ആദ്യമായി അവതരിപ്പിക്കുന്നത്. പുതുതായി സമിതിയിലെത്തുന്ന അംഗങ്ങളെ അര്‍ഹമായ അംഗീകാരത്തോടെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചടങ്ങ് ആരംഭിച്ചതെന്ന് ഖസാക്കിസ്ഥാന്റെ യുഎന്നിലെ മുന്‍ സ്ഥിരപ്രതിനിധി കൈറത്ത് ഉമറോവ് 2019-ലെ ചടങ്ങില്‍ അഭിപ്രായപ്പെട്ടിരുന്നു. ചടങ്ങിന് സിമിതിയിലെ 15 അംഗങ്ങളും ഐക്യകണ്‌ഠേനയാണ് അംഗീകാരം നല്‍കിയിരുന്നത്.

Top