ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ താരമായത് മൂന്നു മാസം പ്രായമുള്ള കുഞ്ഞ്‌

യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ താരമായത് ഒരു മൂന്നു മാസക്കാരി. ന്യൂസിലന്‍ഡിലെ ‘പ്രഥമ ശിശു’നിവി തെ അറോഹയാണ് രാഷ്ട്രത്തലവന്മാരടക്കമുള്ളവരെ പിന്നിലാക്കി എല്ലാവരുടേയും ശ്രദ്ധപിടിച്ചു പറ്റിയത്.

ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേണിന്റെ മകളാണ് നിവി തെ അറോഹ. ജസിന്ത ആര്‍ഡേണ്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലെത്തിയത് നിവി തെ അറോഹയ്‌ക്കൊപ്പമാണ്. നിവി തെ അറോഹയ്ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പാസും ലഭിച്ചു. നിവിയ്ക്ക് നല്‍കിയ പ്രവേശനപാസില്‍ രേഖപ്പെടുത്തിയിരുന്നത് ന്യൂസിലന്‍ഡിലെ ‘പ്രഥമ ശിശു’ എന്നാണ്. ജസിന്ത ആര്‍ഡേണിനൊപ്പം ജീവിതപങ്കാളി ക്ലാര്‍ക്ക് ഗേഫോര്‍ഡുമുണ്ടായിരുന്നു.

ഐക്യരാഷ്ട്രസഭയില്‍ വിവിധ രാഷ്ട്രത്തലവന്മാരോടൊപ്പം പങ്കെടുത്ത കുഞ്ഞു നിവിയുടെ പ്രവേശന പാസിന്റെ ചിത്രം ക്ലാര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തു.

കുഞ്ഞിനെ നോക്കുന്നതിനൊപ്പം രാജ്യകാര്യങ്ങളും ശ്രദ്ധിക്കുന്ന ജസിന്തയെക്കാള്‍ മികച്ച ഭരണാധികാരിയെ ന്യൂസിലാന്‍ഡിന് ലഭിക്കാനിടയില്ലെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ലോകനേതാക്കളില്‍ അഞ്ചു ശതമാനം മാത്രമാണ് വനിതകളെന്നും അവരെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസിലാന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയെട്ടുകാരിയായ ജസിന്ത.

Top