കുടിയേറ്റ ഏജന്‍സി തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടി

യു എസ്: ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റം സംബന്ധിച്ച ഏജന്‍സി തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് ട്രംപ് നിര്‍ദേശിച്ച സ്ഥാനാര്‍ഥി പിന്തള്ളപ്പെട്ടു. സ്ഥാനാര്‍ഥിയുടെ മുസ്ലിം വിരുദ്ധ നിലപാടുകളും ട്രംപിന്റെ കുടിയേറ്റ നയവുമാണ് എതിര്‍പ്പിന് കാരണമായത്.

ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റം സംബന്ധിച്ച ഏജന്‍സിയായ ദി ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രന്‍സ് ( ഐഒഎം) ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച അമേരിക്കന്‍ സ്ഥാനാര്‍ഥിക്ക് പരാജയം. സമരിറ്റന്‍സ് പഴ്‌സ് എന്ന ക്രൈസ്തവ ജീവകാരുണ്യ സംഘടനയുടെ വൈസ് പ്രസിഡന്റ് കെന്‍ ഐസക്‌സിനെയാണ് ഐ ഒ എം തലപ്പത്തേക്ക് ട്രംപ് നിര്‍ദേശിച്ചത്.

എന്നാല്‍ വോട്ടെടുപ്പില്‍ ഇദ്ദേഹത്തിന് വിജയിക്കാനായില്ല. കഴിഞ്ഞ അറുപത്തി ഏഴ് വര്‍ഷമായി യുഎസ് പൗരന്‍മാരാണ് ഐഒഎം ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.172 രാജ്യങ്ങളാണ് ഐഒഎയില്‍ അംഗങ്ങളായുള്ളത്. ഇതില്‍ 143 അംഗരാജ്യങ്ങള്‍ക്ക് മാത്രമാണ് രഹസ്യ ബാലറ്റ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശം.

മൂന്ന് റൗണ്ടുകളിലായി നടന്ന വോട്ടെടുപ്പില്‍ ഒരിക്കല്‍പ്പോലും കെന്‍ ഐസക്‌സ് ഒന്നാമതെത്തിയില്ല. മുസ്ലിം വിരുദ്ധ നിലപാടുകളുടെ പേരില്‍ നേരത്തെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഇദ്ദേഹം. അതോടൊപ്പം ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയവും ‘എതിര്‍പ്പിന് കാരണമായി. പോര്‍ച്ചുഗീസ് ഉപപ്രധാനമന്ത്രി അന്റോണിയോ വിറ്റോറിനോയാണ് പുതിയ മേധാവി .

Top