ആഗോള തലത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങള്‍ വന്നുവെന്ന് യു.എന്‍

ജനീവ : ആഗോള തലത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങള്‍ വന്നുവെന്ന് യു.എന്‍ പഠന റിപ്പോര്‍ട്ട്. 2014 മുതല്‍ 2019 വരെയുള്ള കാലഘട്ടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തിയതെന്ന് വേള്‍ഡ് മോട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ നടത്തിയ പഠനത്തിലാണ് ചൂണ്ടിക്കാട്ടുന്നത്.

കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യ കാരണമായെന്നും ഐക്യരാഷ്ട്ര സഭയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു.

കടലിലെ ജലനിരപ്പ് ഉയരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്‌തേക്കും .

Top