United India eyes Rs 11800 crore premium in 2015-16

ചെന്നൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി 5,914 കോടി രൂപയുടെ പ്രീമിയം വരുമാനവും 356 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവിനേക്കാള്‍ 12 ശതമാനം വളര്‍ച്ചയാണ് പ്രീമിയം ഇനത്തില്‍ കമ്പനി നേടിയത്.

ഈ കാലയളവില്‍ വിപണി സാന്നിധ്യം 13.34 ശതമാനമായും ഉയര്‍ത്തിയതായി കമ്പനി ചെയര്‍മാന്‍ മിലിന്ദ് കരാട്ട് അറിയിച്ചു. വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളിലാണ് നേട്ടമുണ്ടാക്കിയത്. ഇവ രണ്ടിലും യഥാക്രമം 14 ശതമാനവും 22 ശതമാനവുമായിരുന്നു വര്‍ധന.

കേരളത്തില്‍ ബിസിനസ് 15 ശതമാനം വര്‍ധനയോടെ 327 കോടി രൂപയിലെത്തി. ആയിരത്തിയഞ്ഞൂറോളം ഏജന്റ്‌സ് പോര്‍ട്ടലുകളിലൂടെ ഗ്രാമങ്ങളില്‍വരെ സേവനം എത്തിക്കാനും കഴിഞ്ഞു.

റീട്ടെയില്‍ മാര്‍ക്കറ്റിങ്ങിലൂടെയും വ്യക്ത്യാധിഷ്ഠിത, സാമൂഹിക സുരക്ഷാ പോളിസികളുടെ ത്വരിത വിപണനത്തിലൂടെയും കമ്പനി ഈ വര്‍ഷം 11,800 കോടിരൂപയുടെ മൊത്ത ബിസിനസ്സാണ് ലക്ഷ്യമിടുന്നത്.

Top