അതിശൈത്യത്തില്‍ വാതില്‍ ഉറഞ്ഞു, യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയത് 16 മണിക്കൂര്‍

മോണ്‍ട്രിയല്‍: അതിശൈത്യത്തില്‍ 16 മണിക്കൂര്‍ വിമാനത്തില്‍ കുടുങ്ങി യാത്രക്കാര്‍. ന്യൂജേഴ്‌സിയില്‍ നിന്ന് 250 യാത്രക്കാരുമായി ഹോങ്കോങിലേക്ക് പോയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരാണ് അതിശൈത്യത്തില്‍ കുടുങ്ങിയത്. യാത്രാ മദ്ധ്യേ അടിയന്തര വൈദ്യസഹായത്തിനായി വിമാനം കാനഡയില്‍ ഇറക്കിയപ്പോള്‍ തണുപ്പ് മൂലം വാതില്‍ ഉറഞ്ഞ് പോയിരുന്നു. ഇതോടെ മണിക്കൂറുകളാണ് യാത്രക്കാര്‍ ബുദ്ധിമുട്ടിയത്.

യാത്രക്കാരില്‍ ഒരാള്‍ക്ക് ഉണ്ടായ ദേഹാസ്വാസ്ഥ്യത്തിനെ തുടര്‍ന്നാണ് വിമാനം കാനഡയിലെ ഗൂസ്‌ബേ വിമാനത്താവളത്തില്‍ ഇറക്കിയത്. രോഗിയായ യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ട് പോയതിന് പിന്നാലെ വിമാനത്തിന്റെ വാതില്‍ തണുപ്പില്‍ ഉറഞ്ഞു പോവുകയായിരുന്നു. ശനിയാഴ്ച രാത്രി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പതിനാറ് മണിക്കൂറാണ് യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയത്. വാതില്‍ തണുപ്പില്‍ ഉറഞ്ഞുപോയതോടെ യാത്രക്കാര്‍ ഒന്നിനും കഴിയാതെ വിമാനത്തിനുള്ളില്‍ തണുത്ത് വിറക്കുകയായിരുന്നു.

വിമാനത്തിലെ ജീവനക്കാര്‍ നല്‍കിയ കമ്പിളിയും പുതപ്പും അതിശൈത്യത്തെ തടുക്കാന്‍ സാധിച്ചില്ല. പത്ത് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും വിമാനത്തിലെ വെള്ളവും ആഹാരവും തീരുകയും ചെയ്തു. തുടര്‍ന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഒരു ഫാസ്റ്റ് ഫുഡ് ചെയിന്‍ സര്‍വ്വീസുമായി എത്തുകയും യാത്രക്കാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ഒടുവില്‍ ഞായറാഴ്ച രാവിലെ മറ്റൊരു വിമാനം എത്തിച്ച് യാത്രക്കാരെ അതിലേക്ക് മാറ്റുകയും തിരികെ ന്യൂമാര്‍ക്കിലേക്ക് പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ച അതേ സ്ഥലത്ത് തന്നെ ഇവര്‍ വീണ്ടും എത്തിച്ചേര്‍ന്നു. കാനഡയില്‍ അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും തുടരുന്നതിനാല്‍ പല വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്.

Top