ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ് -ഐടി മന്ത്രാലയം

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ നിര്‍മിച്ച തെറ്റിദ്ധരിപ്പിക്കുന്ന ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ഇലക്ട്രോണിക്സ് -ഐടി മന്ത്രാലയം. നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ ചര്‍ച്ചയായ സാഹചര്യത്തിലാണ് നടപടി. ഈ വര്‍ഷം ഫെബ്രുവരിയിലും സമാനമായ നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

അടുത്തിടെയാണ് രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ശരീരഭാഗങ്ങള്‍ കാണുന്ന വിധത്തില്‍ വസ്ത്രം ധരിച്ച് മറ്റൊരു യുവതി പങ്കുവെച്ച വീഡിയോയില്‍ എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ രശ്മിക മന്ദാനയുടെ മുഖം മോര്‍ഫ് ചെയ്യുകയായിരുന്നു. ബ്രിട്ടീഷ്-ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍ പങ്കുവെച്ചതാണ് യഥാര്‍ത്ഥ വീഡിയോ.

ഓണ്‍ലൈന്‍ ഇടനിലക്കാര്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ പിന്തുടരേണ്ട നിയമ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വഞ്ചിക്കുന്നതിന് മൂന്ന് വര്‍ഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കുന്ന ഐടി നിയമത്തിലെ സെക്ഷന്‍ 66 ഡി ഉള്‍പ്പടെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആള്‍മാറാട്ട സ്വഭാവമുള്ള, വ്യക്തിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യാന്‍ ഐടി നിയമം റൂള്‍ 3(2)(ബി) അനുസരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ബാധ്യസ്ഥരാണെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Top