ബാബറി മസ്ജിദ് വിഷയത്തില്‍ ബിജെപിയെ വിശ്വസിക്കരുതെന്ന് കേന്ദ്രമന്ത്രിമാര്‍ പറഞ്ഞതാണ്: റാവു കേട്ടില്ലെന്ന് പവാര്‍

ന്യൂഡല്‍ഹി: ബാബറി മസ്ജിദിന് ഒന്നും സംഭവിക്കില്ലെന്ന ബിജെപിയുടെ ഉറപ്പ് കണ്ണുമടച്ച് വിശ്വസിക്കരുതെന്ന കേന്ദ്രമന്ത്രിമാരുടെ ഉപദേശത്തിന്, അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹ റാവു ചെവികൊടുത്തില്ലെന്ന വെളിപ്പെടുത്തലുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. ഇക്കാര്യത്തില്‍ ബിജെപിയെ വിശ്വസിക്കരുതെന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളില്‍ ചിലര്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും, അദ്ദേഹം അത് ഗൗനിച്ചില്ലെന്നാണ് വെളിപ്പെടുത്തല്‍. 1992ല്‍ രാമ ജന്മഭൂമി മുന്നേറ്റം കൊടുമ്പിരി കൊള്ളുന്ന കാലത്താണ്, ബാബറി മസ്ജിദിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം നല്‍കുന്ന ഉറപ്പ് വിശ്വസിക്കരുതെന്ന് മന്ത്രിമാര്‍ നരസിംഹ റാവുവിനെ ഉപദേശിച്ചത്.

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ നീരജ ചൗധരി എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു ശേഷം സംസാരിക്കുമ്പോഴാണ് പവാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പുസ്തക പ്രകാശനത്തിനു ശേഷം നടന്ന പാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍, ബിജെപി നേതാവ് ദിനേഷ് ത്രിവേദി എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി മോഡറേറ്ററായിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു.

”ഞാനുള്‍പ്പെട്ട ഒരുകൂട്ടം മന്ത്രിമാരുടെ സംഘമുണ്ടായിരുന്നു. ആയിടയ്ക്ക്, പാര്‍ട്ടി നോക്കാതെ എല്ലാ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും ഒരു യോഗം പ്രധാനമന്ത്രി വിളിക്കണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. ബാബറി മസ്ജിദിന് യാതൊന്നും സംഭവിക്കില്ലെന്ന് ആ യോഗത്തില്‍ വിജയ രാജെ സിന്ധ്യ ഉറപ്പു നല്‍കി. ഒന്നും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളാമെന്നും, പ്രധാനമന്ത്രി കടുത്ത നടപടികളിലേക്കോ തീരുമാനങ്ങളിലേക്കോ പോകേണ്ടതില്ലെന്നും അവര്‍ പറഞ്ഞു’ – റാവു മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പവാര്‍ വെളിപ്പെടുത്തി.

”വിജയ് രാജെ സിന്ധ്യയുടെ നിര്‍ദ്ദേശം നരസിംഹ റാവു സ്വീകരിച്ചു. വ്യക്തിപരമായി ഞാനും അന്നത്തെ ആഭ്യന്തര മന്ത്രി ശങ്കര്‍റാവു ചവാനും ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്‌ബോലും ബിജെപി നേതൃത്വത്തെ ഇക്കാര്യത്തില്‍ ആശ്രയിക്കരുതെന്ന് നിലപാടെടുത്തു. അവിടെ എന്തും സംഭവിക്കാമെന്നും ഞങ്ങള്‍ മുന്നറിയിപ്പു നല്‍കി. പക്ഷേ, ബിജെപി നേതാക്കളുടെ ഉറപ്പ് വിശ്വസിക്കാനാണ് പ്രധാനമന്ത്രി താല്‍പര്യപ്പെട്ടത്. പിന്നീട് സംഭവിച്ചത് എന്താണെന്ന് നമുക്കെല്ലാം അറിയാം’ – പവാര്‍ ചൂണ്ടിക്കാട്ടി.

ചില കോണുകളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുമ്പോഴും, അതൊന്നും ഗൗനിക്കാതെ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനങ്ങളെടുത്തിരുന്ന പ്രധാനമന്ത്രിയാണ് നരസിംഹ റാവുവെന്നും പവാര്‍ അഭിപ്രായപ്പെട്ടു.

Top