സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര മന്ത്രിമാര്‍ കശ്മീരിലേയ്ക്ക്

ന്യൂഡല്‍ഹി: കശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷം ആദ്യമായി കേന്ദ്ര മന്ത്രിമാര്‍ കശ്മീരിലേയ്ക്ക്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഈയാഴ്ചയാണ് എട്ട് കേന്ദ്ര മന്ത്രിമാര്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തുക. കേന്ദ്രമന്ത്രിമാരായ രവി ശങ്കര്‍ പ്രസാദ്, ഗിരിരാജ് സിംഗ്, സ്മൃതി ഇറാനി, കിരണ്‍ റിജ്ജു, അനുരാഗ് താക്കൂര്‍, കിഷന്‍ റെഡ്ഡി,പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഈ സംഘത്തിലുണ്ടാകും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ആദ്യ കേന്ദ്രസംഘം ഇവിടേക്ക് സന്ദര്‍ശനത്തിനെത്തുന്നത്. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.

കശ്മീരില്‍ എത്തുന്ന മന്ത്രിമാര്‍ ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും കേന്ദ്രം കൊണ്ടുവരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കശ്മീര്‍ താഴ്‌വരയില്‍ ആശുപത്രി, ബാങ്കിംഗ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്റര്‍നെറ്റ് സേവനം ഇന്ന് രാവിലെ പുനസ്ഥാപിച്ചിരുന്നു. ഹോട്ടലുകള്‍ക്കും യാത്രാ സ്ഥാപനങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കി. സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റും ഭാഗികമായി പുനഃസ്ഥാപിച്ചു. ദോഡ ജില്ലിയിലെ ഹിസ്ബുല്‍ കമാന്‍ഡര്‍ ഹാറുണ്‍ അവാസിനെ വധിച്ചതിനെ തുടര്‍ന്ന് ചില ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ് ലഡാക്ക്, ജമ്മു-കശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള കശ്മീര്‍ പുനഃസംഘടനാ ബില്‍ ബിജെപി പാര്‍ലമെന്റില്‍ പാസാക്കിയിരുന്നത്.

Top