കേന്ദ്രമന്ത്രിയുടെ മകനെതിരേ വധശ്രമത്തിന് കേസ്; പ്രഹ്ളാദ് പട്ടേലിന്റെ മകന്‍ അറസ്റ്റില്‍

ഭോപ്പാല്‍ (മധ്യപ്രദേശ്): കേന്ദ്രമന്ത്രിയുടെ മകനെതിരേ വധശ്രമത്തിന് കേസ്. കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേലിന്റെ മകന്‍ പ്രഭാല്‍ പട്ടേലിനെയാണ് വധശ്രമക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്.രണ്ട് യുവാക്കളെ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രഭാലും സംഘവും ഹിമാന്‍ഷു റാത്തോഡ്, രാഹുല്‍ രജ്പുത് എന്നിവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ ഇവരുടെ വാഹനം അര്‍ധരാത്രി തടഞ്ഞുനിര്‍ത്തി ആയിരുന്നു ക്രൂരമായ മര്‍ദ്ദനം. തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡിനും മര്‍ദ്ദനമേറ്റു.

ആക്രമിക്കപ്പെട്ട എല്ലാവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിയേറ്റ് ഹിമാന്‍ഷു റാത്തോഡിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, സംഭവത്തില്‍ കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങിന്റെ സഹോദരനും ബി.ജെ.പി എം.എല്‍.എയുമായ ജലാം സിങ് പട്ടേലിന്റെ മകനെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Top