കേന്ദ്രമന്ത്രിമാര്‍ക്ക് പണിയൊന്നുമില്ല, ഭരണം മോദിയുടെ ഓഫീസിനെന്ന്‌ യഷ്വന്ത് സിന്‍ഹ

Yashwant Sinha

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല, ഭരണം നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് നേരിട്ടാണെന്ന് മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ. പ്രസിദ്ധമായ ഗുജറാത്ത് മോഡലാണിതെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്ത് ഭരണം നടത്തുന്നത് രണ്ടേ രണ്ട് പേര്‍ ചേര്‍ന്നിട്ടാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിയെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്നാണ് ഭരിക്കുന്നത്. സിബിഐ പാര്‍ട്ടി അദ്ധ്യക്ഷന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ട ഗതികേടിലാണെന്ന് അരുണ്‍ ഷൂരി ആരോപിച്ചിരുന്നു. ബിജെപിയില്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ വേദിയില്ലെന്ന് ആരോപിച്ച് യശ്വന്ത് സിന്‍ഹ രാഷ്ട്ര മഞ്ച് എന്ന ദേശീയ പ്രസ്ഥാനത്തിന് രൂപം കൊടുത്തിരുന്നു. സംഘടനയുടെ ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, എന്‍സിപി, ആംആദ്മി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.

റാഫേല്‍ ഇടപാട് 35000കോടി രൂപയുടേതാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ രണ്ടാമനാണ് ആഭ്യന്തരമന്ത്രി രാജാനാഥ് സിംഗ്. എന്നാല്‍ ബിജെപി ജമ്മു കാശ്മീരില്‍ പിഡിപിയുമായി സഖ്യം നിര്‍ത്തിയപ്പോള്‍ അതിനെക്കുറിച്ച് അദ്ദേഹത്തിന് ഒന്നുമറിയില്ലായിരുന്നു. നാഗാ സമാധാന ശ്രമങ്ങളെക്കുറിച്ചും മന്ത്രിയ്ക്ക് ഒന്നുമറിയില്ല. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്റര്‍ മന്ത്രിയായി മാറി. നോട്ട് നിരോധനത്തെക്കുറിച്ച് ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ധാരണയുണ്ടായിരുന്നില്ല. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് റാഫേല്‍ അഴിമതി നടക്കുന്ന സമയത്ത് അതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എല്ലാം അറിയുന്നത് അമിതാ ഷായ്ക്കും മോദിക്കും മാത്രമാണെന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു.

രണ്ട് പേര്‍ മാത്രം ഇരുന്ന്‌ രാജ്യം ഭരിച്ച് സ്വന്തം കാലിലെ മണ്ണൊലിച്ച് പോകുന്ന അവസ്ഥയില്‍ പാര്‍ട്ടിയെ എത്തിച്ചു. അതിനാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത് വില കൊടുത്തും തിരിച്ച് വരാന്‍ ഇരുവരും ശ്രമിക്കും. വിശാല പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി 2019ലെ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ഒരേ ഒരു മാര്‍ഗ്ഗം. കഴിഞ്ഞ കാലത്തെ സംഭവങ്ങള്‍ മറന്ന് പ്രതിപക്ഷം ഒരുമിച്ച് നിന്നില്ലെങ്കില്‍ രാജ്യം അപകടത്തിലാകുമെന്ന് സിന്‍ഹ ആവശ്യപ്പെട്ടു.

Top