10 വയസ്സുകാരന്‍ ഭര്‍ത്താവും 18കാരി ഭാര്യയുമായ സീരിയലിന് വിലക്കേര്‍പ്പെടുത്തി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: 10 വയസ്സുകാരന്‍ ഭര്‍ത്താവും 18കാരി ഭാര്യയുമായ ‘പെഹരേദാര്‍ പിയ കി’ എന്ന വിവാദ ഹിന്ദി പരമ്പരക്കു വിലക്കേര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി.

പരമ്പരയ്‌ക്കെതിരെ ഉടനടി നടപടി വേണമെന്ന് ബ്രോഡ്കാസ്റ്റിങ് കൗണ്‍സിലിനോട് മന്ത്രി ആവശ്യപ്പെട്ടു. 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ പ്രണയിക്കുന്ന സീരിയലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ആളുകളാണ് സീരിയലിനെതിരായ പരാതിയില്‍ ഒപ്പിട്ടത്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം. പെറ്റീഷന്‍ ഓണ്‍ ചാര്‍ജ് ഡോട്ട് കോം ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലാണ് സീരിയലിനെതിരെ പരാതികള്‍ വന്നത്.

18 വയസ്സായ പെണ്‍കുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മില്‍ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെ സീരിയലില്‍ പ്രക്ഷേപണം ചെയ്തു. എന്നാല്‍ തങ്ങള്‍ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന ആശയമാണെന്നാണ് ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശിന്റെ വാദം.

Top