ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ‘ഗഗൻയാൻ’ 2024 അവസാനത്തോടെയെന്ന് കേന്ദ്രമന്ത്രി

ദില്ലി: മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിമാനം ‘ഗഗൻയാൻ’ 2024 അവസാനത്തോടെ വിക്ഷേപിക്കാനാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. പലവിധ കാരണങ്ങളാല്‍ ഗഗൻയാൻ ദൗത്യം നടപ്പാക്കുന്നതില്‍ കാലതാമസം നേരിട്ടു. എന്നാല്‍ ഇന്ത്യയുടെ കന്നി മനുഷ്യ ബഹിരാകാശ വിമാനം ‘എച്ച് 1’ 2024 അവസാന പാദത്തോടെ വിക്ഷേപിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗഗൻയാൻ ദൗത്യം നടപ്പാക്കാനായുള്ള പരിശ്രമത്തിലാണ്. സുരക്ഷയാണ് പരമപ്രധാനം. അതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജസ്വലമായി നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെയും പാരച്യൂട്ടിന്റെയും പ്രകടനം പരിശോധിക്കും. ഇതിനായി ‘ജി1’ ദൗത്യത്തിന് മുമ്പ് രണ്ട് ടെസ്റ്റ് വെഹിക്കിൾ മിഷനുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.

ബഹിരാകാശ യാത്രാ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടവര്‍ ബംഗളൂരുവിൽ പരിശീലനത്തിലാണ്. പരിശീലനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. അടിസ്ഥാനകാര്യങ്ങൾ, ബഹിരാകാശത്ത് വെച്ചുള്ള മെഡിക്കല്‍ എമര്‍ജെന്‍സി അവസ്ഥ, ബഹിരാകാശ പേടകത്തിന്‍റെ സംവിധാനങ്ങളെക്കുറിച്ചും ഗ്രൗണ്ട് സപ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവ സംബന്ധിച്ചുമുള്ള പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

ബഹിരാകായ യാത്രക്കായി നിയോഗിക്കപ്പെട്ടവരുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് ഫിസിക്കൽ ഫിറ്റ്നസ് സെഷനുകളും, എയറോമെഡിക്കൽ പരിശീലനവും ഫ്ലയിംഗ് പ്രാക്ടീസും നല്‍കിവരുന്നുണ്ടെന്നും പരിശീലനത്തിന്റെ രണ്ടാം ഘട്ടം നടന്നുവരികയാണെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ലോക്‌സഭയിൽ അറിയിച്ചു.

Top