കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഡിഎംകെയും നടത്തുന്നത് ദേശീയ രാഷ്ട്രീയ നാടകം: രാജീവ് ചന്ദ്രശേഖര്‍

ഡല്‍ഹി: കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഡിഎംകെയും നടത്തുന്നത് ദേശീയ രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തിന് പാര്‍ലമെന്റില്‍ ധനകാര്യ മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. നികുതി വരുമാനത്തിന്റെ വിതരണത്തില്‍ കേന്ദ്രം വിവേചനം കാണിക്കുന്നില്ല. എറ്റവും വലിയ കടക്കെണിയിലായ സംസ്ഥാനമാണ് കേരളം. സമ്പദ് വ്യവസ്ഥയുടെ ദുര്‍ഭരണം മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ഈ നാടകം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പത്ത് വര്‍ഷം കൊണ്ട് ഇത്രയധികം നഷ്ടമുണ്ടാക്കിയ മറ്റൊരു സംസ്ഥാനവുമില്ല. നിക്ഷേപങ്ങളില്ലാത്തതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമാണ് ഇതിന് കാരണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം വന്നില്ലെങ്കില്‍ കേരളം ശ്രീലങ്കയുടെ അവസ്ഥയിലായി മാറും. ഇതാണ് യാഥാര്‍ത്ഥ്യം. ഇത് മറച്ചുപിടിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. 57000 കോടി കേന്ദ്രം നല്‍കാനുണ്ട് എന്നതിന് ധനമന്ത്രി കൃത്യമായ മറുപടി നല്‍കിയെന്നും ഇത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് നടപടി എടുത്തില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചോദിച്ചു.

Top