താങ്ങുവില ഏർപ്പെടുത്തിയില്ല; റബ്ബറിനെ കാർഷിക ഉൽപ്പന്നത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രി

ദില്ലി: കേരളത്തിലെ കർഷകരുടെ മുറവിളിയും ബിഷപ്പ് പാംപ്ലാനി അടക്കമുള്ളവരുടെ സമ്മർദ്ദവും ഫലം കണ്ടില്ല. കേന്ദ്ര സർക്കാർ റബ്ബറിന് താങ്ങുവില ഏർപ്പെടുത്തിയില്ല. റബറിനെ കാർഷിക ഉൽപന്നത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. 25 കാർഷിക വിളകൾക്കാണ് മിനിമം താങ്ങുവിലയെന്നും മന്ത്രി പറഞ്ഞു. രാജ്യസഭയിൽ എളമരം കരീം എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇറക്കുമതി ചെയ്യുന്ന റബ്ബറിന് മേൽ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ നേരത്തെ തന്നെ വർധിപ്പിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എഴുതി നൽകിയ മറുപടി ഇറക്കുമതി ചെയ്ത റബ്ബർ 18 മാസത്തിനുള്ളിൽ ഉപയോഗിച്ചാൽ മതിയെന്ന മുൻ നിർദ്ദേശം ആറ് മാസമാക്കി ചുരുക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. കമ്മീഷൻ ഓഫ് അഗ്രിക്കൾചറൽ കോസ്റ്റ്സ് ആന്റ് പ്രൈസസാണ് താങ്ങുവില സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള ശുപാർശ നൽകുന്നത്. ഇവർ കാർഷിക സാഹചര്യങ്ങളും സംസ്ഥാനങ്ങളുടെ താത്പര്യങ്ങളും മുൻനിർത്തിയാണ് ഈ നിലയിൽ ശുപാർശ സമർപ്പിക്കുന്നത്. 25 വിളകളാണ് നിലവിൽ ഈ കമ്മീഷന്റെ താങ്ങുവില പരിഗണനയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ വിളകൾ വലിയ തോതിൽ ഉൽപ്പാദിപ്പിക്കുകയും വലിയ ഭൂഭാഗത്ത് കൃഷി ചെയ്യുകയും ചെയ്യുന്നവയാണ്. താങ്ങുവില പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള പല മാനദണ്ഡങ്ങളും സ്വാഭാവിക റബ്ബറിന് ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കുമെന്ന വാഗ്ദാനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി നേരത്തെ രംഗത്ത് വന്നിരുന്നു. കേരളത്തിൽ നിന്ന് ബിജെപിയ്ക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം. പ്രസ്താവന കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

Top