വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ വേഗതയെ അഭിനന്ദിച്ച്‌ കേന്ദ്രമന്ത്രി പർഷോത്തം രുപാലെ

കോവളം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നതിന്റെ സന്തോഷം പങ്കുവച്ച്‌ കേന്ദ്ര ഫിഷറീസ്‌ മന്ത്രി പർഷോത്തം രുപാലെ. തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ ബങ്കറിങ്, ക്രൂ ചെയ്ഞ്ച് തുടങ്ങി നിരവധി വികസന സാധ്യതകളാണ് തുറക്കുന്നതെന്നും വിഴിഞ്ഞം തുറമുഖം സന്ദർശിച്ച അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ സാഗർ പരിക്രമ പരിപാടിയുടെ ഏഴാംഘട്ട ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ സന്ദർശനം. രാജ്യാന്തര തുറമുഖ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ മന്ത്രി നിർമാണവേഗതയിൽ അധികൃതരെ അഭിനന്ദിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളും നൽകി. 2024 മേയിൽ തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂർണമാകുമെന്നറിഞ്ഞ മന്ത്രി പോർട്ട് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. എം വിൻസന്റ് എംഎൽഎ, വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ഡോ. അദീല അബ്ദുള്ള, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി ഉദ്യോഗസ്ഥരായ കെ സുശീൽ നായർ, എ സുനിൽകുമാർ, ഡോ. അനിൽ ബാലകൃഷ്‌ണൻ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.

തുടർന്ന്‌ വിഴിഞ്ഞം ഇടവകയിൽ എത്തിയ കേന്ദ്ര മന്ത്രിക്കുമുന്നിൽ വിഴിഞ്ഞം മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങൾ, മണ്ണെണ്ണ ലഭ്യതാ പ്രശ്‌നം, തീരശോഷണം, ബ്ലൂ ഇക്കോണമി എന്നിവ സംബന്ധിച്ച ആശങ്കകൾ അവതരിപ്പിച്ചു. വിഴിഞ്ഞം ഇടവക വികാരി മോൻസ് ഡോ. നിക്കോളാസ്‌ അധ്യക്ഷനായി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ ഫിഷറീസ് ഡയറക്‌ടർ ഫാ.സാജൻ ജോസ്, ജെ റോബർട്ട്, ഇ വിൻസെന്റ്, എസ് ആന്റണി, ലിയോ സ്റ്റാൻലി, പനിയടിമ ജോൺ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.

Top