ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് മാറണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവര്‍ നാളെ ഭരണത്തിലേറിയേക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ്  ശക്തമായ പ്രതിപക്ഷമായി ഉയര്‍ന്ന് വരണമെന്നും ഗഡ്കരി പറഞ്ഞു.

ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവര്‍ നാളെ ഭരണപക്ഷത്തായിരിക്കുമെന്നും ആരോഗ്യപരമായ ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്നും ഗഡ്കരി പറഞ്ഞു. അതിനാല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമായി ഉയര്‍ന്നുവരേണ്ടതുണ്ട്. പാര്‍ലമെന്റില്‍ അരങ്ങേറിയ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചു. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ ശ്രമിക്കണമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ ജനാധിപത്യത്തിലെ മാതൃകാ നേതാക്കളാണ് നെഹ്‌റുവും വാജ്‌പേയിയും. ജനാധിപത്യത്തിന്റെ അന്തസ്സിനൊത്ത് പ്രവര്‍ത്തിക്കുമെന്നാണ് അവര്‍ എന്നും പറഞ്ഞിരുന്നത്. ഭരണ പ്രതിപക്ഷ നേതാക്കള്‍ ആത്മപരിശോധന നടത്തണം. ആരോഗ്യകരമായ ജനാധിപത്യത്തിനായി അന്തസ്സോടെ പ്രവര്‍ത്തിക്കണം. വാജ്‌പേയുടെ പാരമ്പര്യം എല്ലാ നേതാക്കള്‍ക്കും പ്രചോദനമാണ്. നെഹ്‌റു ഇന്ത്യന്‍ ജനാധിപത്യത്തിന് വളരെയധികം സേവനങ്ങള്‍ നല്‍കിയ വ്യക്തിയാണ്’, നിതിന്‍ ഗഡ്കരി പറഞ്ഞു.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ അരങ്ങേറിയ പ്രതിപക്ഷ പ്രതിഷേധത്തെ കുറച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Top