ഹോണ്ട സിറ്റി ഹൈബ്രിഡിനെ അടുത്തറിഞ്ഞ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

ലിനീകരണ മുക്തമായ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇക്കാര്യത്തിൽ മാതൃകയാകുന്നതിനായി തന്റെ യാത്രകൾ ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനത്തിലേക്ക് മാറ്റിയ വ്യക്തിയാണ് ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ള മന്ത്രി ഹോണ്ട അടുത്തിടെ പുറത്തിറക്കിയ സിറ്റി ഹൈബ്രിഡ് കാറിനെ അടുത്തറിയുന്നതിനായി ഹോണ്ട സന്ദർശിച്ചു.

ഹോണ്ട കാർസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഹോണ്ട സിറ്റി ഹൈബ്രിഡ് കാണുന്നതിനായി എത്തിയ കാര്യം വെളിപ്പെടുത്തിയത്. തന്റെ ഔദ്യോഗിക തിരക്കുകൾക്കിടയിലും ഹോണ്ടയുടെ ജീവനക്കാരോട് സംവദിക്കാനും സിറ്റി ഹൈബ്രിഡിനെ അടുത്തറിയാനും മന്ത്രി നിതിൻ ഗഡ്കരി എത്തിയത് ഹോണ്ട കാർസ് ഇന്ത്യ അഭിമാന നിമിഷമായി കാണുന്നുവെന്നാണ് കമ്പനി ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചത്.

ഈ മാസം ആദ്യമാണ് ഹോണ്ടയുടെ സെഡാൻ മോഡലായ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്.ന്യൂ സിറ്റി ഇ.എച്ച്.ഇ.വി എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 19.49 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. സിറ്റി ഉൾപ്പെടുന്ന ശ്രേണിയിൽ സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് ടെക്നോളജിയുമായി എത്തുന്ന ആദ്യ വാഹനമാണിതെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. 26.5 കിലോമീറ്റർ എന്ന ഉയർന്ന ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന്റെ മുഖമുദ്ര.

ഇ.വി. ഡ്രൈവ് മോഡ്, ഹൈബ്രിഡ് ഡ്രൈവ് മോഡ്, എൻജിൻ ഡ്രൈവ് മോഡ് തുടങ്ങി മൾട്ടി ഡ്രൈവ് മോഡുകളുമായി എത്തിയിട്ടുള്ളതും സിറ്റി ഹൈബ്രിഡിന്റെ പ്രത്യേകതകളിലൊന്നാണ്. ഇന്ധനക്ഷമതയ്ക്കൊപ്പം മികച്ച സുരക്ഷയും ഈ വാഹനത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. ആസിയാൻ എൻക്യാപ് ക്രാഷ് ടെസ്റ്റിലെ ഫൈവ് സ്റ്റാർ റേറ്റിങ്ങിന് തുല്യമായ അംഗീകാരം സ്വന്തമാക്കിയാണ് ഹോണ്ട, സിറ്റി ഹൈബ്രിഡിന്റെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്. ഇതിനായി ഹൈ പെർഫോമെൻസ് മുൻ ക്യാമറയും വൈഡ് ആംഗിൾ ഫാർ റീച്ചിങ്ങ് ഡിറ്റക്ഷൻ സംവിധാനവുമുള്ള അഡ്വാൻസ്ഡ് ഇന്റലിജെന്റ് സേഫ്റ്റി സംവിധാനമായ ഹോണ്ട സെൻസിങ്ങും സിറ്റി ഹൈബ്രിഡിൽ നൽകിയിട്ടുണ്ട്. ഇതിനൊപ്പം കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിങ്ങ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാച്ചർ മിറ്റിഗേഷൻ, ലെയ്ൻ കീപ്പിങ്ങ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

സിറ്റി ഇ.എച്ച്.ഇ.വിയിൽ നൽകിയിട്ടുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ DOHC i-VTEC പെട്രോൾ എൻജിനാണ് പ്രവർത്തിക്കുന്നത്. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് 126 പി.എസ്. പവറും 253 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് ഡ്രൈവിങ്ങ് മോഡുകളിലേക്കും ഓട്ടോമാറ്റിക്കായി മാറുമെന്നതാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. സാധാരണ ഇലക്ട്രിക് കാറുകളിൽ നൽകിയിട്ടുള്ള റീ ജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റവും ഇതിലുണ്ട്.

Top