രാഹുൽ ഇന്ത്യയെ അപമാനിച്ചെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി

ഡൽഹി: ലണ്ടനിൽ വച്ച് നടത്തിയ പ്രസം​ഗത്തിന്റെ പേരിൽ രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ആവർത്തിച്ച് ബിജെപി നേതാക്കൾ. ഇപ്പോൾ കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ ഹർദീപ് സിംഗ് പുരിയാണ് രാഹുൽ ഗാന്ധിക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. വിദേശത്ത് പോയി ഇന്ത്യയെ രാഹുൽ അപമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ യൂറോപ്യൻ യൂണിയനുമായി താരതമ്യം ചെയ്തത് ശരിയായില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാഹുൽ ആത്മപരിശോധന നടത്തട്ടെയെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

അതേസമയം നടപടികൾ ആരംഭിച്ചത് മുതൽ ഷെയിം ഷെയിം രാഹുൽ ഗാന്ധി വിളികളാണ് ഇന്ന് പാർലമെന്റിൽ ഭരണപക്ഷം ഉയർത്തിയത്. എന്നാൽ അപ്പോഴും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ക്രുദ്ധനായി. ബഹ​ളശം തുടർന്നതോടെ ഇരു സഭകളും നിർത്തി വച്ചു.

അദാനിക്കെതിരായ നീക്കത്തിൽ ചില കക്ഷികളൊഴിച്ച് എല്ലാവരും കോൺഗ്രസിൻറെ കൂടെയാണ്. എന്നാൽ രാഹുലിന്റെ പ്രസ്താവനകളെ ചൊല്ലിയുള്ള വിവാദത്തിൽ ഡിഎംകെ മാത്രമാണ് പരസ്യപിന്തുണ നല്കുന്നത്. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനും മോദി- രാഹുൽ പോരാട്ടമായി വരുന്ന തെര‍ഞ്ഞെടുപ്പുകളെ മാറ്റാനും ബിജെപി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. കോൺഗ്രസ് ഇതിന് നിന്നുകൊടുക്കുന്നതായി മമത ബാനർജിയെ പോലുള്ളവർ ആരോപിക്കുന്നു. എന്തായാലും രാഹുലിൻറെ വസതിയിൽ കണ്ടതിന് സമാനമായ നീക്കങ്ങൾ ബിജെപി വരും ദിവസങ്ങളിൽ ശക്തമാക്കാനാണ് സാധ്യത.

Top