ദയവായി ഇത്തരം വാഹനങ്ങൾ നിർമ്മിക്കൂ, ഓട്ടോ എക്സ്പോയിൽ വണ്ടിക്കമ്പനികളോട് കേന്ദ്രമന്ത്രി

കാർ നിർമ്മാതാക്കളോട് ഹരിത വാഹനങ്ങൾ അവതരിപ്പിക്കാൻ അഭ്യര്‍ത്ഥിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. നടന്നുകൊണ്ടിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോ 2023-ലെ ഒരു സിമ്പോസിയത്തിൽ നടത്തിയ പ്രസംഗത്തിലാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രിയുടെ ഈ നിര്‍ദ്ദേശം. ജൈവ ഇന്ധനങ്ങളുടെയും മറ്റ് ശുദ്ധമായ ഊർജ്ജ സാങ്കേതിക വിദ്യകളുടെയും സമയമായെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യ 2024- 2025 ന് അകം 20 ശതമാനം എത്തനോൾ മിശ്രിതമാക്കാനുള്ള ലക്ഷ്യം 2030 മുതൽ ഉയർത്തിയിട്ടുണ്ടെന്നും ഒരു പൈലറ്റ് E20 ഉടൻ തന്നെ പല പമ്പുകളിലും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഏപ്രിലിലേക്കുള്ള നേരത്തെ നിശ്‍ചയിച്ച ഷെഡ്യൂളിന് മുമ്പായി ഈ ലക്ഷ്യം കൈവരിക്കാനാണ് സര്‍ക്കാര്‍ നീക്കം. .

മാരുതി സുസുക്കി, ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ്, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, ഹോണ്ട മോട്ടോർസൈക്കിൾ, യമഹ, സുസുക്കി മോട്ടോർസൈക്കിൾ തുടങ്ങിയ പാസഞ്ചർ വാഹന നിർമാതാക്കളുടെ ‘എഥനോൾ പവലിയൻ’ എക്‌സ്‌പോയിൽ മന്ത്രി ഉദ്ഘാടനം ചെയ്‍തു. ഈ പവലിയിനില്‍ ഫ്ലെക്സ്-ഇന്ധന വാഹനങ്ങളുടെ പ്രവർത്തന മാതൃക പ്രദർശിപ്പിക്കുന്നു. ഈ വാഹനങ്ങൾക്ക് 20 മുതല്‍ 85 ശതമാനം വരെ വ്യത്യസ്‍തമായ എത്തനോൾ മിശ്രിതങ്ങൾ എടുക്കാം.

“ഞാൻ നിങ്ങളെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ സന്തോഷിക്കുന്നു, കാരണം ജൈവ ഇന്ധനങ്ങളും മറ്റ് എല്ലാ ശുദ്ധമായ ഊർജ്ജവും, സമയം വന്നിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും ചെയ്യുമ്പോൾ ആയിരക്കണക്കിന് ആളുകൾ പിന്തുടരുന്ന സ്ഥലമാണ് ഇന്ത്യയെന്ന് മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളായാലും, ഹൈബ്രിഡ് മോഡലുകളായാലും ദയവായി പ്രോട്ടോടൈപ്പുകളുടെ ഘട്ടത്തിൽ നിന്ന് മാറി മാര്‍ക്കറ്റ് മോഡലുകൾ അവതരിപ്പിക്കാൻ ആരംഭിക്കണമെന്നും ആഭ്യന്തര നിർമ്മാതാക്കളോടും അന്താരാഷ്ട്ര നിർമ്മാതാക്കളോടുംമന്ത്രി ആവശ്യപ്പെട്ടു.

നിർമ്മാതാക്കൾക്കുള്ള സാമ്പത്തിക നിർദ്ദേശം എന്ന നിലയിൽ മാത്രമല്ല, സമ്പൂർണ ഹരിത സുസ്ഥിര ഇന്ധനത്തിലേക്കുള്ള പരിവർത്തനത്തിൽ ഇന്ത്യ നടത്തുന്ന ഹരിത യാത്രയിൽ അവർ വിജയിക്കുമെന്ന് തനിക്ക് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നും ഹർദീപ് സിംഗ് പുരി ഉറപ്പിച്ചു പറഞ്ഞു.

എഥനോൾ മിശ്രിതം ഇപ്പോള്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലഭ്യമാണെന്നും മിശ്രിതത്തിന്റെ തോത് വർധിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. E20 ഷെഡ്യൂളിന് മൂന്ന് മാസം മുമ്പ് പൂര്‍ത്തിയാകുമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

സിമ്പോസിയത്തിൽ, എത്തനോൾ സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവ് കൈമാറ്റം ലക്ഷ്യമിട്ടുള്ള ക്ലീൻ എനർജി പങ്കാളിത്തത്തിനായി യുഎസ് ഗ്രെയിൻസ് കൗൺസിലും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സും തമ്മിൽ ധാരണാപത്രവും ഒപ്പുവച്ചു.

Top