കങ്കണയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രമന്ത്രി

മുംബൈ: നടി കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. മുംബൈയില്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്.

തന്റെപാര്‍ട്ടിയുടെ പിന്തുണ കങ്കണയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ജീവിക്കുന്നതിന് പേടിക്കേണ്ടതില്ലെന്ന് അവരോട് താന്‍ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. ഇവിടെ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. തന്റെ പാര്‍ട്ടി (ആര്‍പിഐ) അവര്‍ക്കൊപ്പമുണ്ടെന്നും അത്തേവാലെ പറഞ്ഞു.

ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ (ബിഎംസി) കങ്കണയോട് കടുത്ത അനീതിയാണ് കാട്ടിയത്. അവരോട് പ്രതികാര നടപടിയാണുണ്ടായത്. ജനുവരിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 2-3 ഇഞ്ച് അധികം നിര്‍മാണം നടന്നത് അവര്‍ അറിഞ്ഞിരുന്നില്ല. അത് പൊളിച്ച് മാറ്റുന്നതിനിടെ അകത്തെ ഭിത്തികള്‍ക്കും ഓഫീസ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. താന്‍ അപമാനിക്കപ്പെട്ടതായി കങ്കണ പറഞ്ഞു. അവര്‍ കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെടും അത്തേവാലെ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നടി ബംഗ്ലാവില്‍ അനധികൃത നിര്‍മാണം നടത്തിയെന്നാണ് ബിഎംസിയുടെ നിലപാട്.

Top