ചൈന സന്ദര്‍ശനം റദ്ദാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

ദില്ലി: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ചൈന സന്ദര്‍ശനം റദ്ദാക്കി. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള താരങ്ങള്‍ക്ക് ചൈന പ്രവേശനം വിലക്കിയ സാഹചര്യത്തിലാണ് നടപടി. ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായുള്ള യാത്രയാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ റദ്ദാക്കിയത്. ചൈനയാകട്ടെ അരുണാചല്‍ പ്രദേശിന് മേലുള്ള അവകാശവാദം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് ചൈന പുതിയ പേരുകള്‍ നല്‍കിയിരുന്നു. ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ‘ടിബറ്റിന്റെ തെക്കന്‍ ഭാഗമായ സാങ്നാന്‍’ എന്നാണ് ചൈന വിശേഷിപ്പിച്ചത്.

ചൈനയുടെ കാബിനറ്റായ സ്റ്റേറ്റ് കൗണ്‍സില്‍ പുറപ്പെടുവിച്ച പേരുകള്‍ ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ എന്നീ ഭാഷകളിലുള്ള അക്ഷരങ്ങളിലൂടെ ചൈനീസ് ആഭ്യന്തരകാര്യ മന്ത്രാലയമാണ് നേരത്തെ പ്രസിദ്ധീകരിച്ചത്. രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് ജനവാസ മേഖലകള്‍, അഞ്ച് പര്‍വതശിഖരങ്ങള്‍, രണ്ട് നദികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സ്ഥല പട്ടിക. ഇത് മൂന്നാം തവണയാണ് അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ചൈന പേരുകള്‍ നല്‍കുന്നത്. 2017ല്‍ ആറ് സ്ഥലങ്ങള്‍ക്കും 2021ല്‍ 15 സ്ഥലങ്ങള്‍ക്കും ചൈനീസ് ആഭ്യന്തര കാര്യ മന്ത്രാലയം ഇത്തരത്തില്‍ പേര് നല്‍കിയിരുന്നു. അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ നേരത്തെ തള്ളിയിരുന്നു.

Top