Union Law Minister working as BJP general secretary: Veerappa Moily

ബംഗളുരു: ജഡ്ജി നിയമന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രവര്‍ത്തിക്കുന്നത് ബിജെപി ജനറല്‍ സെക്രട്ടറിയെപ്പോലെയാണെന്ന് മുന്‍ നിയമമന്ത്രി വീരപ്പ മൊയ്‌ലി ആരോപിച്ചു.

ഒഴിഞ്ഞുകിടക്കുന്ന ജഡ്ജി തസ്തികകള്‍ നികത്തുക എന്നത് നിയമമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി, കാബിനറ്റ് എന്നിവയേക്കാള്‍ ഉത്തരവാദിത്തം നിയമന്ത്രിക്കാണ്. എന്നാല്‍ നിയമന്ത്രി രവിശങ്കര്‍ പ്രസാദ് ബിജെപി ജനറല്‍ സെക്രട്ടറിയുടെ തരത്തിലാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജഡ്ജി നിയമനം വൈകുന്നതിലും കോടതികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്തതിലും കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതികളില്‍ 500 ജഡ്ജിമാരെ ഇനിയും നിയമിക്കാന്‍ ബാക്കിയാണെന്നും കോടതി മുറികള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി. എസ്. ഠാക്കൂര്‍ പറഞ്ഞിരുന്നു.

എന്നാല്‍ 2013ല്‍ 121 ജഡ്ജിമാരെ നിയമിച്ചതിനുശേഷം ഏറ്റവും വലിയ നിയമനമാണ് ഇതുവരെ നടത്തിയതെന്നും 120 പേരെ നിയമിച്ചിട്ടുണ്ടെന്നും രവിശങ്കര്‍പ്രസാദ് അറിയിച്ചിരുന്നു.

Top