മോദി ക്ഷമയോടെയും ആസൂത്രണത്തോടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷമയോടെയും ആസൂത്രണത്തോടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. അദ്ദേഹത്തിന്റെ പ്രയത്‌നത്തിന്റെ ഫലമായി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റ് 470 ബില്യണില്‍നിന്ന് 640 ബില്യണായി വര്‍ധിച്ചുവെന്നും ഷാ ചൂണ്ടികാട്ടി. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പുരോഗതി അനുഭവിക്കാതിരുന്ന 80 കോടി ജനങ്ങളെ നരേന്ദ്രമോദി ചേര്‍ത്തുപിടിച്ചെന്നും ഷാ പറഞ്ഞു. നേരിട്ട് ആനുകൂല്യം കൈമാറുന്ന പദ്ധതി, ദാരിദ്ര്യ നിര്‍മാര്‍ജനം, ഗ്രാമീണ വൈദ്യുതീകരണം തുടങ്ങിയ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ അവകാശ വാദം. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും നിഷ്‌ക്രിയ ആസ്തികളുടെ എണ്ണം കുറച്ചുവെന്നും പറഞ്ഞു.

കോവിഡിന് ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തക്കസമയത്ത് വലിയ നയപരമായ തീരുമാനങ്ങള്‍ എടുത്തു. ലോകം മുഴുവന്‍ കല്‍ക്കരി പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍, ഇന്ത്യയിലും ഇരുട്ടാകുമെന്ന് ആളുകള്‍ പറഞ്ഞു, പക്ഷേ അത് നടന്നില്ല കാരണം മോദിജിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഉല്‍പാദനം കൃത്യസമയത്ത് വര്‍ദ്ധിപ്പിച്ചു അമിത് ഷാ പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്,, ജമ്മു കശ്മീരിലെ ആര്‍ട്ടിക്ള്‍ 370 ഒഴിവാക്കല്‍, കോവിഡ് കൈകാര്യം ചെയ്യല്‍ തുടങ്ങിയവ കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങളായി അമിത് ഷാ ഉയര്‍ത്തിക്കാട്ടി. 2014 ന് മുമ്പ് ഇന്ത്യക്ക് നയപരമായ പക്ഷാഘാതമായിരുന്നുവെന്നും എന്നിലിപ്പോള്‍ കാര്യങ്ങള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.

2014 ന് ശേഷം ഇന്ത്യ സുസ്ഥിര ഗവണ്‍മെന്റിന് സാക്ഷിയായെന്നും അതിന് മുമ്പ് രാജ്യത്തിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടെന്നും എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിമാരായിരുന്നുവെന്നും ഷാ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രതിരോധ നയം വിദേശനയത്തില്‍ നിന്ന് മോചിതമായെന്നും രാജ്യാതിര്‍ത്തികളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തി പലര്‍ക്കും മറുപടി കൊടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാഷ്ട്രീയം ഫിസിക്‌സല്ല, കെമിസ്ട്രിയാണെന്നും പാര്‍ട്ടികള്‍ സഖ്യത്തിലേര്‍പ്പെടുന്നത് കൊണ്ടുമാത്രം അവര്‍ക്ക് കൂടുതല്‍ വോട്ടു കിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. പലരും സഖ്യത്തിലേര്‍പ്പെട്ടാലും ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ഭൂരിപക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top