അമിത് ഷാ ഇന്ന് കർണാടകയിൽ; ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കും

ബെംഗ്ലൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കർണാടകയിലെത്തും. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് അമിത് ഷായുടെ സന്ദർശനം. ധാർവാഡിലും ഹുബ്ബള്ളിയിലും ബെലഗാവിയിലുമെത്തുന്ന അമിത് ഷാ കുണ്ടഗോലിൽ വിപുലമായ റോഡ് ഷോയും നടത്തും. രാവിലെ ഹുബ്ബള്ളിയിൽ ഒരു ഇൻഡോർ സ്റ്റേഡിയം ഷാ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം ധാർവാഡിൽ ഫോറൻസിക് സയൻസ് ലാബിന് തറക്കല്ലിടും. അതിന് ശേഷമായിരിക്കും കുണ്ടഗോലിലെ റോഡ് ഷോ. അതിന് ശേഷം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയ സങ്കൽപ്പ അഭിയാനിൽ ഷാ എത്തും. തുടർന്നാകും കുണ്ടഗോലിലെ റോഡ് ഷോ.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിർന്ന നേതാവ് ബിഎസ് യെദിയൂ‍രപ്പ, ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീൽ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ പരിപാടികളിൽ ഷായ്ക്കൊപ്പം ഉണ്ടാകും. മുംബൈ കർണാടക മേഖലയിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ഈ മേഖലകളിൽ ജെ പി നദ്ദയടക്കം വിവിധ നേതാക്കൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർച്ചയായി സന്ദർശനം നടത്തുകയാണ്. മഹാരാഷ്ട്രയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന ബെലഗാവിയടക്കമുള്ള മേഖലകളിൽ ബിജെപി വോട്ട് ചോരാതിരിക്കാൻ പ്രചാരണപരിപാടികൾ സജീവമാണ്.

Top