പൗരത്വഭേദഗതി നിയമത്തില്‍ മാറ്റം വരുത്തുമോ? സൂചനകള്‍ നല്‍കി അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

‘ജനങ്ങള്‍ക്ക് പലതരത്തിലുമുള്ള ആശങ്കകളുണ്ടെന്ന് മനസ്സിലാക്കുന്നു. പൗരത്വഭേദഗതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ചര്‍ച്ചകള്‍ നടത്താം’- അമിത് ഷാ പറഞ്ഞു. ക്രിസ്മസിന് ശേഷം ചര്‍ച്ചകള്‍ നടത്താമെന്നാണ് അമിത് ഷാ ഉറപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലും അസാമിലും പ്രതിഷേധം തുടരുകയാണ്. പശ്ചിമബംഗാളില്‍ പ്രക്ഷോഭകര്‍ ഇന്നലെ ഒരു റെയില്‍വേ സ്റ്റേഷനും ആളില്ലാത്ത അഞ്ച് ട്രെയിനുകളും നിരവധി കടകളും ബസുകളും പൊലീസ് വാഹനങ്ങളും കത്തിച്ചു.അസമില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പൊലീസ് വെടിവയ്പില്‍ പരുക്കേറ്റയാളാണ് മരിച്ചത്.

അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണാവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഗുവാഹത്തിയില്‍ ചേര്‍ന്ന ബി.ജെ.പി എംപിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ട് ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചത്.

Top