ഭൂപേഷ് ബഘേലിന്റെ ഭരണത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ സന്തുഷ്ടരല്ല; അമിത് ഷാ

റായ്പുര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ബാഘേല്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും അതില്‍ ഒന്ന് പോലും നടപ്പിലായില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഭൂപേഷ് ബഘേലിന്റെ ഭരണത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ സന്തുഷ്ടരല്ലെന്നും ഗാന്ധി കുടുംബം മാത്രമാണ് സന്തോഷിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രാജനന്ദ്ഗാവില്‍ ബി.ജെ.പി. സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഭൂപേഷ് ബഘേല്‍ സര്‍ക്കാര്‍ ഒട്ടേറെ വാഗ്ദാനങ്ങളാണ് നല്‍കിയത്. സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് പ്രഖ്യാപനമുണ്ടായി. വൈദ്യുതി ബില്‍ പകുതിയായി കുറയ്ക്കുമെന്ന് ഉറപ്പു നല്‍കി. എന്നിട്ട് എന്തു സംഭവിച്ചു. ബാഘേലിന്റെ ഭരണത്തില്‍ ഗോത്രവര്‍ഗ വിഭാഗക്കാരും സ്ത്രീകളും കര്‍ഷകരും ഒ.ബി.സി. വിഭാഗവുമുള്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് സന്തോഷമില്ല. ഗാന്ധി കുടുംബം മാത്രമാണ് സന്തുഷ്ടര്‍.- അമിത് ഷാ പറഞ്ഞു.

Top