ഡല്‍ഹി എയിംസില്‍ സന്ദര്‍ശനം നടത്തി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍ എയിംസില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എയിംസില്‍ ചികിത്സ തേടുന്നവരില്‍ 90 ശതമാനവും കോവിഡ് പോസിറ്റീവാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കു പിന്നാലെ നിരവധി നഴ്‌സുമാര്‍ക്കും നഴ്‌സിങ് അസിസ്റ്റന്റുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

നഗരത്തിലെ മറ്റ് ആശുപത്രികളും കേന്ദ്ര മന്ത്രി സന്ദര്‍ശനം നടത്തും. നഗരത്തില്‍ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ വാരാന്ത്യ കര്‍ഫ്യൂവിനു പിന്നാലെ 10 മുതല്‍ 12 ദിവസമെങ്കിലും നീളുന്ന ലോക്ഡൗണ്‍ നഗരത്തില്‍ ഏര്‍പ്പെടുത്തുകയാകും ഉചിതമെന്ന് എയിംസിലെ മുഖാമുഖത്തില്‍ ചില ഡോക്ടര്‍മാര്‍ കേന്ദ്ര മന്ത്രിയോട് അഭിപ്രായപ്പെട്ടു. എയിംസിലെ വിവിധ വിഭാഗങ്ങളില്‍ കോവിഡ് ചികില്‍സയിലായവരെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 6 വരെയാണ് നിയന്ത്രണം. ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂ. പൊതുസ്ഥലങ്ങളിലെ തിരക്കു കുറയ്ക്കാന്‍ ഏര്‍പ്പെടുത്തിയ നടപടി കര്‍ശനമായി നടപ്പാക്കാനാണു നിര്‍ദേശം. മുഖാവരണം ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി

 

Top