രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ ജാഗ്രത തുടരണം: കേന്ദ്ര ആരോഗ്യമന്ത്രി

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ ജാഗ്രത തുടരണമെന്ന് ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രോഗബാധിതരുടെയും ചികിത്സയിലുള്ളവരുടെയും നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധന വർധിപ്പിക്കണമെന്നും വാക്സിനേഷൻ വേഗത്തിലാക്കാനും ആരോഗ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. വ്യാപിക്കുന്ന വകഭേദം കണ്ടെത്താൻ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനയക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് വ്യാപനം വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അവലോകന യോഗം വിളിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരം കടന്നതോടെ ജാഗ്രത കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവർത്തിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 13,313 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 12,249 ആയിരുന്നു. പ്രതിദിന കണക്കിൽ വർധന ഉണ്ടായെങ്കിലും പൊസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവത്തെക്കാൾ കുറഞ്ഞിട്ടുണ്ട്. 2.03 ശതമാനമാണ് പുതിയ ടിപിആർ. 60 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിവാര കണക്കിൽ വർധനയുണ്ടായി.

Top