30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ഹൈദരാബാദ്: വറുത്ത കടല, ദോശ മാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബര്‍ ബാന്‍ഡ് തുടങ്ങി 30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

ഹൈദരാബാദില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് ജെയ്റ്റ്‌ലി ഇക്കാര്യം അറിയിച്ചത്.

മാത്രമല്ല ജിഎസ്ടി റിട്ടേണ്‍സ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. വരുന്ന ഞായറാഴ്ചയായിരുന്നു റിട്ടേണ്‍സ് സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതാണ് നീട്ടി നല്‍കിയത്.

രജിസ്റ്റേര്‍ഡ് ട്രേഡ്മാര്‍ക്കുള്ള സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി. മെയ് 15 വരെ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇത് ബാധകമാണ്.

വലിയ കാറുകള്‍ക്ക് അഞ്ച് ശതമാനം അധിക സെസ് ഏര്‍പ്പെടുത്താനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഇടത്തരം വലിപ്പമുള്ള കാറുകള്‍ക്ക് രണ്ട് ശതമാനവും എസ്യുവികളുടെ സെസില്‍ ഏഴ് ശതമാനവും വര്‍ധന വരുത്തി. കെവിഐസി വില്‍ക്കുന്ന ഖാദിക്ക് ജിഎസ്ടി ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി.

Top