കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരന്‍ കരിപ്പൂരിലെത്തി; മുഖ്യമന്ത്രിയും ഗവര്‍ണറും ഉടനെത്തും

കോഴിക്കോട്: കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരന്‍ വിമാനത്താവളത്തിലെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദര്‍ശിക്കുകയും നില വിലയിരുത്തുകയും ചെയ്യും.

രാവിലെ 9 മണിയോടെ മുഖ്യമന്ത്രിയും ഗവര്‍ണറും കരിപ്പൂരിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇവര്‍ കണ്ടേക്കും. എന്താണ് കരിപ്പൂരില്‍ ഇത്തരത്തിലുള്ള അപകടം സംഭവിക്കാന്‍ കാരണമെന്നതില്‍ വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍ പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. പൊലീസുദ്യോഗസ്ഥരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ക്കായി അവരെ സഹായിക്കാനെത്തിയിട്ടുണ്ട്. ദുരന്തത്തിന് കാരണം മോശം കാലാവസ്ഥയെന്നായിരുന്നു ഡിജിസിഎയുടെ പ്രാഥമിക നിഗമനം.

ഇവിടെ നിന്ന് ബ്ലാക് ബോക്‌സ് അടക്കം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നടപടിക്രമങ്ങളും ഇപ്പോള്‍ തുടര്‍ന്നുവരികയാണ്. ഇന്നലെ രാത്രി രണ്ടരയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു. മന്ത്രി എ സി മൊയ്ദീന്‍ ആണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വേണ്ടി ഏകോപനം നടത്തിയത്. മന്ത്രി കെ കെ ശൈലജ രാത്രി എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ചുള്ള ഏകോപനവും നടത്തി.

Top