മധ്യപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ ക്രിക്കറ്റ് താരങ്ങളോടുപമിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

ഭോപാല്‍: ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി കരുതപ്പെടുന്ന നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹനേയും, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയേയും ക്രിക്കറ്റ് താരങ്ങളോട് ഉപമിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൗഹാനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയോടും കൈലാഷ് വിജയ് വര്‍ഗീയയെ ഹാര്‍ദിക് പാണ്ഡ്യയോടുമാണ് രാജ്നാഥ് സിങ് താരതമ്യമപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ഇന്ദോറില്‍ കൈലാഷ് വിജയ് വര്‍ഗീയയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ശിവരാജ് ജിയെ ധോണിയെന്ന് വിളിക്കും. തുടക്കം എങ്ങനെയായാലും മികച്ച ഫിനിഷിങ്ങിലൂടെ വിജയിക്കാന്‍ അദ്ദേഹത്തിന് അറിയാം. ശിവരാജ് ജി ധോണിയാണെങ്കില്‍ കൈലാഷ് ജി മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഹാര്‍ദിക് പാണ്ഡ്യയാണ്’, എന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ വാക്കുകള്‍.

മധ്യപ്രദേശ് രാജ്യത്തിന്റെ ഹൃദയമാണെങ്കില്‍ ഇന്ദോര്‍ ഹൃദയമിടിപ്പാണെന്നും ഇന്ദോറിന്റെ ഹൃദയമിടിപ്പായി ആരെങ്കിലുമുണ്ടെങ്കില്‍ അത് കൈലാഷ് വിജയ് വര്‍ഗീയ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്ന മധ്യപ്രദേശിനെ ആ സാഹചര്യത്തില്‍നിന്ന് മുന്നോട്ടുനയിച്ചത് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാരാണെന്ന് രാജ്നാഥ് സിങ് അവകാശപ്പെട്ടു. 15 മാസം പ്രായമുണ്ടായിരുന്ന കമല്‍നാഥ് സര്‍ക്കാര്‍, പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പ്രകാരം വീട് അനുവദിച്ച എട്ടുലക്ഷം പേരില്‍ രണ്ടുലക്ഷം പേരുടെ അപേക്ഷ തിരിച്ചയച്ചുവെന്ന് രാജ്നാഥ് സിങ് ആരോപിച്ചു.

കൈലാഷ് വിജയ് വര്‍ഗീയയ്ക്കുപുറമേ, മൂന്ന് കേന്ദ്രമന്ത്രിമാരടക്കം ഏഴ് സിറ്റിങ് എം.പിമാര്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രിയാണെങ്കിലും ശിവരാജ് സിങ് ചൗഹാനെ മുന്‍ നിര്‍ത്തിയല്ല ബി.ജെ.പി മധ്യപ്രദേശില്‍ വോട്ടുതേടുന്നത്. ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ ഇവരിലാരെങ്കിലും മുഖ്യമന്ത്രിയാവും എന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്.

Top