അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഉന്നത സൈനികതല യോഗം ചേരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ ഉന്നത സൈനിക തലത്തില്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. നിലവില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. പ്രശ്‌നപരിഹാരത്തിന് നയതന്ത്ര തലത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളുടെയും തലവന്മാരുടെ പൊതുഅഭിപ്രായം അനുസരിച്ചായിരിക്കും ചൈന കാര്യങ്ങള്‍ നടപ്പിലാക്കുക. അതിര്‍ത്തിയില്‍ ചൈനയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ഉറപ്പിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരുമാണ്. ഴാവോ ലീജിയന്‍ പറഞ്ഞു.

അതിനിടെ, ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വീഡിയോ പ്രചരിക്കുന്നതിനെതിരെ ഇന്ത്യന്‍ സൈന്യം പ്രതികരിച്ചു. പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Top