സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിരവധി വിഷയങ്ങള്‍ സുപ്രീംകോടതിക്ക് മുന്നിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ ന്യായാധിപന്മാര്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ന്യായാധിപന്മാരുടെ എണ്ണം 31 ല്‍നിന്ന് 34 ആയി ഉയര്‍ത്താന്‍ തീരുമാനമെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.മൂന്ന് ജഡ്ജിമാരെക്കൂടി സുപ്രീം കോടതിയില്‍ നിയോഗിക്കാനാണ് നീക്കം.

2016 ല്‍ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം എന്‍.ഡി.എ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് പരമാവധി വേഗത്തില്‍ നീതി ലഭ്യമാക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹംവാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.

നിലവില്‍ ചീഫ് ജസ്റ്റിസടക്കം 31 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്. ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു.

Top