കേന്ദ്ര മന്ത്രി സഭയുടെ പുനഃസംഘടന ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ പുനഃസംഘടന വൈകാതെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി വിവിധ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെന്ന് സൂചന. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുനസംഘടനാ ചര്‍ച്ചകള്‍ സജീവമായത്.

പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. ഇനിയുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രി മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം വിലയിരുത്തും. ബി.ജെ.പി നേതൃത്വം ഏറെ ലക്ഷ്യംവയ്ക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തിന് പുനഃസംഘടനയില്‍ പരിഗണന ലഭിക്കാനിടയുണ്ടെന്നാണ് സൂചന.

മെട്രോമാന്‍ ഇ. ശ്രീധരനെയാണ് കേരളത്തില്‍ നിന്നും പരിഗണിക്കുന്നത്. 2019ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല. അവലോകന യോഗങ്ങള്‍ വ്യാഴാഴ്ച തുടങ്ങി. പെട്രോളിയം, സ്റ്റീല്‍, ജലശക്തി, നൈപുണ്യ വികസനം, സിവില്‍ ഏവിയേഷന്‍, ഹെവി ഇന്‍ഡസ്ട്രീസ്, പരിസ്ഥിതി എന്നീ മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിമാരുമായാണ് ചര്‍ച്ച നടത്തിയത്.

Top