ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; ബജറ്റ് ജനപ്രദമാകുമെന്ന് സൂചനകള്‍

kovinf_budget

ഡല്‍ഹി: ബജറ്റ് വികസനോന്മുഖവും ജനപ്രിയവുമാകുമെന്ന് പൊതുവിലയിരുത്തല്‍. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും ഇത്തവണത്തേതെന്ന് സൂചന നല്‍കി ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയും രംഗത്തെത്തി. സാധാരണക്കാര്‍ക്കു ഗുണകരമാകുന്ന നല്ല ബജറ്റാകുമെന്ന് മന്ത്രി പറഞ്ഞു.
അരുണ്‍ ജെയ്റ്റ്‌ലി-നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് വ്യാഴാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുത്. റെയില്‍വേ ബജറ്റും പൊതുബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കും. ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വളര്‍ച്ച കുറവാണെന്ന് സാമ്പത്തിക സര്‍വേ വെളിപ്പെടുത്തിയിരുന്നു. ഈ രണ്ടു മേഖലകള്‍ക്കും ഗ്രാമീണമേഖലയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്നാണ് വിലയിരുത്തല്‍.

പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പൊതുപ്രതീക്ഷ. ആദായനികുതിയില്‍ ഇളവ്, നികുതി സ്ലാബില്‍ ചില മാറ്റങ്ങള്‍, പുതിയ പ്രത്യക്ഷ നികുതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. കോര്‍പ്പറേറ്റ് നികുതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഇത് നാലുകൊല്ലംകൊണ്ട് 30ല്‍നിന്ന് 25 ശതമാനമാക്കുമെന്ന് 2015′-16ലെ ബജറ്റില്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ജി.എസ്.ടി. കൗണ്‍സിലാണ്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കില്ല. എന്നാല്‍, ജി.എസ്.ടി. നിരക്കുകളില്‍ മാറ്റംവേണമെന്ന ആവശ്യം വ്യാപാര മേഖലയില്‍നിന്നുണ്ട്. പെട്രോള്‍, ഡീസല്‍ എന്നിവ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും സജീവമാണ്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ സമീപനത്തെക്കുറിച്ച് ബജറ്റില്‍ സൂചനയുണ്ടാവും.

വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിന് പ്രത്യേക പദ്ധതികളോ കൂടുതല്‍ നീക്കിയിരിപ്പോ ഉണ്ടാകും. വനിതാക്ഷേമപദ്ധതികള്‍ക്കും അവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. സ്ത്രീത്തൊഴിലാളികള്‍ പി.എഫില്‍ അടയ്ക്കുന്ന വിഹിതം കുറയ്ക്കാനുള്ള നിര്‍ദേശം ഉണ്ടാകുമെന്ന് സൂചനയുണ്ട്.

Top