പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ആരോഗ്യരക്ഷാ പദ്ധതി; മത്സ്യബന്ധന മേഖലയില്‍ 10,000 കോടി

Arun Jaitley

ഡല്‍ഹി: പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി നടപ്പില്‍ വരുത്തുമെന്ന് ബജറ്റില്‍ വിലയിരുത്തി. ചികില്‍സയ്ക്കായി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കും.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാകുമിതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ പദ്ധതികള്‍ നടപ്പിലാക്കും. രാജ്യത്ത് ഒന്നര ലക്ഷം ആരോഗ്യകേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കും. ക്ഷയരോഗികള്‍ക്കു പോഷകാഹാര ത്തിന് 600 കോടി, രാജ്യത്തെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന നിലയില്‍ മെഡിക്കല്‍ കോളജുകള്‍ നടപ്പിലാക്കുക്കുമെന്നും ബജറ്റില്‍ വകയിരുത്തി

കാര്‍ഷിക മേഖലയ്ക്കുള്ള വായ്പകള്‍ 10 ലക്ഷം കോടിയില്‍ നിന്ന് 11 ലക്ഷം കോടിയാക്കി.
കര്‍ഷകര്‍ക്കുള്ള കിസാന്‍ കാര്‍ഡിന് സമാനമായ പദ്ധതി മല്‍സ്യബന്ധന രംഗത്തും മൃഗസംരക്ഷണ രംഗത്തും നടപ്പിലാക്കും. മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരംക്ഷണ മേഖലയ്ക്കും 10,000 കോടി വകയിരുത്തി.

കാര്‍ഷിക മേഖലയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, ഇതിനായി 500 കോടി രൂപ വകയിരുത്തി. മുള അധിഷ്ടിത മേഖലകള്‍ക്ക് 1290 കോടി രൂപ, കാര്‍ഷിക വിപണികള്‍ക്കായി 2000 കോടി എന്നിവ വകയിരുത്തി. സുഗന്ധവ്യഞ്ജന, ഔഷധ കൃഷിക്ക് 200 കോടി.

നാലു കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതി എത്തിക്കും. രണ്ടു കോടി ശുചിമുറികള്‍ കൂടി രാജ്യത്ത് നടപ്പാക്കും. ഉജ്വല യോജനയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ എട്ടു കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കും.

നീതി ആയോഗും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി വിളകള്‍ക്കു ഒന്നരമടങ്ങ് താങ്ങുവില ഉറപ്പാക്കും. താങ്ങുവിലയിലെ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തും. കര്‍ഷകര്‍ക്ക് ചെലവിന്റെ അന്‍പതു ശതമാനമെങ്കിലും കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നതാകും സര്‍ക്കാരിന്റെ ലക്ഷ്യം.

അന്‍പതു ശതമാനത്തിലധികം പട്ടികവര്‍ഗ ജനസംഖ്യ അഥവാ 20,000 പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന ബ്ലോക്കുകളില്‍ 2022 ഓടെ നവോദയ വിദ്യാലയങ്ങളുടെ രീതിയില്‍ ഏകലവ്യ സ്‌കൂളുകള്‍ ആരംഭിക്കും. ജില്ലാ ആശുപത്രികള്‍ വികസിപ്പിച്ച് പുതിയതായി 24 മെഡിക്കല്‍ കോളജുകള്‍ തുടങ്ങും. 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി പേര്‍ക്ക് ഗുണകരമാകും.

ഇ.പി.എഫിലെ വനിതകളുടെ സംഭാവന 12-ല്‍ നിന്ന് എട്ട് ശതമാനമായി കുറച്ചു. പുതിയ ജീവനക്കാര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇ.പി.എഫില്‍ 12 ശതമാനം സര്‍ക്കാര്‍ നിക്ഷേപിക്കുമെന്നും, പട്ടികജാതി ക്ഷേമത്തിന് 56,619 കോടിയും പട്ടികവര്‍ഗത്തിന് 39,135 കോടിയും നീക്കിവെച്ചതായും ജയ്റ്റ്‌ലി പറഞ്ഞു.

99 നഗരങ്ങളുടെ സ്മാര്‍ട് സിറ്റി പദ്ധതിക്ക് 2.04 ലക്ഷം കോടി രൂപ വകയിരുത്തി. ഈ വര്‍ഷം 9000 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കും. 4000 കിലോമീറ്റര്‍ റയില്‍വേ ലൈന്‍ പുതുതായി വൈദ്യുതീകരിക്കും. 600 റയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും. എല്ലാ ട്രെയിനുകളിലും വൈ.ഫൈ, സിസിടിവി ഏര്‍പ്പെടുത്താന്‍ പദ്ധതി. അഞ്ചു കോടി ഗ്രാമീണര്‍ക്കു ഗുണകരമാകുന്ന വിധത്തില്‍ അഞ്ചു ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ തുടങ്ങും.

രാഷ്ട്രപതിയുടെ ശമ്പളം പ്രതിമാസം അഞ്ചു ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേത് നാലു ലക്ഷം രൂപയുമാക്കി പരിഷ്‌കരിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 2019 ല്‍ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഗാന്ധിയന്‍മാരും അടങ്ങുന്ന ജന്മവാര്‍ഷിക സമിതിയുടെ 2018 ലെ പ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി വകയിരുത്തി.

രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിക്കു വിലക്കേര്‍പ്പെടുത്തി. വിമാനസര്‍വീസുകളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിപ്പിക്കും. വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴില്‍ മൂന്ന് ലക്ഷം കോടിയുടെ വായ്പ ബജറ്റില്‍ അനുവദിച്ചു. സംസ്ഥാനങ്ങളില്‍ 42 മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുമെന്നും, ഗ്രാമങ്ങളിലെ ചെറു കര്‍ഷക വിപണന കേന്ദ്രങ്ങളെ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റുകളാക്കി മാറ്റുമെന്നും, മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ബജറ്റില്‍ ജയ്റ്റിലി പറഞ്ഞു.

Top