കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ഉറ്റുനോക്കി കേരളം

തിറ്റാണ്ടുകളായി ഉയർത്തുന്ന എയിംസ്‌ അടക്കമുള്ള ആവശ്യങ്ങൾ വ്യാഴാഴ്‌ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇടംപിടിക്കുമോ എന്ന്‌ ഉറ്റുനോക്കി കേരളം. കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സമരത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ തുടർന്ന കടുത്ത അവഗണനയ്‌ക്ക്‌ നേരിയ മാറ്റമെങ്കിലും സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്‌. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള ബജറ്റാകും എന്നതിനാൽ ചില പദ്ധതികളെങ്കിലും ബജറ്റിൽ ഇടംപിടിക്കുമെന്നാണ്‌ സൂചന.

എല്ലാ വർഷവും ബജറ്റിനു മുന്നോടിയായി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയും ചർച്ചയ്‌ക്ക്‌ അവസരമൊരുക്കുകയും ചെയ്യാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. കഴിഞ്ഞ ബജറ്റിനു മുമ്പും ശേഷവും നൽകിയ കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിരവധി കത്തുകളും നിവേദനങ്ങളും കേന്ദ്രത്തിന്റെ പക്കലുണ്ട്‌. കേരളത്തിന്റെ കടമെടുപ്പ്‌ പരിധി ഉയർത്തണമെന്ന ആവശ്യം കഴിഞ്ഞ തവണയും ഉന്നയിച്ചെങ്കിലും ഉള്ളതുകൂടി വെട്ടിക്കുറയ്‌ക്കുകയായിരുന്നു. കേരളത്തെ പൂർണമായും തഴയുന്നതായിരുന്നു കഴിഞ്ഞ ബജറ്റും.

പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ ആവശ്യമാണ്‌ എയിംസ്‌. ഇരുപതിലേറെ സംസ്ഥാനങ്ങൾക്ക്‌ എയിംസ്‌ അനുവദിച്ചെങ്കിലും കേരളത്തെ തഴഞ്ഞു. സിൽവർ ലൈൻ, ശബരി റെയിൽപാത, ശബരിമല വിമാനത്താവളം, കോച്ച്‌ ഫാക്ടറി, പ്രത്യേക റെയിൽവേ സോൺ തുടങ്ങി നിരവധി ആവശ്യങ്ങൾ സംസ്ഥാനത്തിന്റേതായുണ്ട്‌. കണ്ണൂർ വിമാനത്താളവത്തിൽ വിദേശ കമ്പനികൾക്ക്‌ സർവീസ്‌ നടത്താൻ പോയിന്റ്‌ ഓഫ്‌ കാൾ പദവി, മനുഷ്യ– വന്യജീവി സംഘർഷം പരിഹരിക്കാനുള്ള പദ്ധതിക്ക്‌ ഫണ്ട്‌, പ്രവാസികളുടെ പുനരധിവാസത്തിന്‌ പ്രത്യേക പാക്കേജ്, മലബാർ ക്യാൻസർ സെന്ററിനെ ആരോഗ്യനിധി പദ്ധതിയിൽ ഉൾപ്പെടുത്തുക, സെമി ഹൈസ്പീഡ് ട്രെയിനുകളുടെ നിർമാണ യൂണിറ്റ്‌, വിമാന ടിക്കറ്റ്‌ നിരക്ക്‌ കുറയ്‌ക്കാനുള്ള ഇടപെടൽ, ഔട്ടർ റിങ്‌ റോഡിന്റെ ചെലവ്‌ എൻഎച്ച്‌എഐ വഹിക്കൽ തുടങ്ങിയ ആവശ്യങ്ങളും കേരളം ഉയർത്തിയിട്ടുണ്ട്‌.

കേന്ദ്രം തുടരുന്ന പ്രതികാര നടപടിമൂലം കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്‌ കേരളം. ഈ വർഷംമാത്രം 57,000 കോടി രൂപയുടെ വെട്ടിക്കുറവ്‌ വരുത്തി. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയതിനൊപ്പം കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള വിഹിതം, നികുതി വിഹിതം എന്നിവയിലടക്കം വെട്ടിക്കുറവ്‌ വരുത്തി. യുജിസി ശമ്പള പരിഷ്‌കരണം, നെല്ലു സംഭരണം എന്നിവയിലടക്കം ആയിരക്കണക്കിനു കോടിയാണ്‌ കേന്ദ്രം കുടിശ്ശികയാക്കിയത്‌.

Top