സാമ്പത്തിക പ്രതിസന്ധിക്കിടെ പൊതു ബജറ്റ്; മോദി സര്‍ക്കാരിന് നിര്‍ണായകം, വെല്ലുവിളി

nirmala-sitharaman

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന പൊതു ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ ജനങ്ങള്‍ നോക്കി കാണുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ ഇന്ത്യ കടന്നു പോകുമ്പോള്‍ നടക്കുന്ന ബജറ്റ് അവതരണം സര്‍ക്കാരിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്. മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ ആദ്യ സമ്പൂര്‍ണ ബജറ്റവതരണമാണ് നടക്കുന്നത്.

അതേസമയം കാര്‍ഷിക മേഖല, തൊഴിലവസരങ്ങള്‍, എന്നിവ സൃഷ്ടിക്കുന്നതിനും ശ്രദ്ധ വെക്കണമെന്ന അഭിപ്രായം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല ചെറുകിട വ്യവസായ മേഖലകളിലെ തളര്‍ച്ച തുടങ്ങി സാമ്പത്തിക വളര്‍ച്ചക്ക് ആവശ്യമായ എല്ലായിടത്തും പ്രതിസന്ധിയാണ്. ഇതെല്ലാം കണക്കാക്കിയായിരിക്കും ബജറ്റ് എന്നാണ് സൂചന.

എന്നാല്‍ നിരവധി വെല്ലുവിളികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നത്. രാജ്യത്തിന്റ വളര്‍ച്ച നിരക്ക് 4.8 ആയി കുറഞ്ഞു. എക്കാലത്തെയും വലിയ തൊഴിലില്ലായ്മ, കാര്‍ഷിക നിര്‍മ്മാണം, ഇതൊക്കെ എങ്ങനെ മറികടക്കും എന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം വന്ന ഇടക്കാല ബജറ്റിലും സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കടന്നുവെന്ന സൂചന വന്നപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളും ഈ മേഖലക്ക് ആശ്വാസം നല്‍കുന്നതായിരുന്നില്ല.

ഡല്‍ഹി നിയമസഭ മുന്നില്‍ കണ്ടു ആദായ നികുതി സ്ലാബ് ഉയര്‍ത്തുമെന്ന് സൂചനയുണ്ട്. ഒപ്പം പുതിയ ഭവന പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചേക്കാം. വിപണിയില്‍ ഇടപെടാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്നതും നിര്‍ണായകമാകും.

Top