പിന്‍വലിച്ച കാര്‍ഷിക നിയമങ്ങൾ ഭാവിയില്‍ നടപ്പാക്കിയേക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി

നാഗ്പൂർ: ലക്ഷക്കണക്കിന് കര്‍ഷകരുടെ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച മൂന്നു കാര്‍ഷിക നിയമങ്ങളും ഭാവിയില്‍ നടപ്പാക്കിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. മഹാരാഷ്ട്രയിലെ ഒരു ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമങ്ങള്‍ റദ്ദാക്കിയതിനു പിന്നില്‍ ചില ആളുകളുടെ പ്രവര്‍ത്തനമുണ്ടെന്നും തോമര്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന് 70 വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ വലിയ വിപ്ലവമായിരുന്നുവെന്നു തോമര്‍ പറഞ്ഞു. ചിലര്‍ക്കു നിയമങ്ങള്‍ ഇഷ്ടമായില്ല. എന്നാല്‍ സര്‍ക്കാരിന് നിരാശയില്ല. ഒരു ചുവടു പിന്നോട്ടു വച്ചെന്നു മാത്രം. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലായതിനാല്‍ വീണ്ടും മുന്നോട്ടു ചുവടുവയ്ക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനു രണ്ടു ദിവസം മുമ്പ് സര്‍ക്കാര്‍ പുറത്തിറക്കി, എംപിമാര്‍ക്കു നല്‍കിയ കുറിപ്പിലും നിയമങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് തോമര്‍ സ്വീകരിച്ചിരുന്നത്. കര്‍ഷകരുടെ നില മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നടപടിയെന്നും നിയമങ്ങളുടെ ഗുണഫലങ്ങളെക്കുറിച്ചു കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും തോമര്‍ വ്യക്തമാക്കിയിരുന്നു.

Top