കര്‍ണാല്‍ ലാത്തിച്ചാര്‍ജ്ജിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ക്രമസമാധാന പാലനം സര്‍ക്കാരിന്റെ കടമയാണെന്നും അതിന് കര്‍ശന നടപടി അനിവാര്യമാണെന്നുമാണ് കേന്ദ്രമന്ത്രിയുടെ ന്യായീകരണം. കര്‍ഷക സമരം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും നരേന്ദ്രസിംഗ് തോമര്‍ കൂട്ടിചേര്‍ത്തു.

അതേസമയം, കര്‍ഷക സമരത്തെക്കുറിച്ചുള്ള ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രസ്താവനക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. ‘കര്‍ഷകര്‍ക്ക് സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ അവരെ ആരും തടയില്ലായിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് അവര്‍ ആദ്യമേ ഉറപ്പ് തന്നിരുന്നു. എന്നാല്‍ അവര്‍ റോഡ് തടയുകയും പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു. പൊലീസ് ക്രമസമാധാനം സംരക്ഷിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്,’ എന്നായിരുന്നു ഖട്ടാറിന്റെ പ്രസ്താവന.

ഹരിയാന സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയം തുറന്നു കാട്ടുന്ന പ്രസ്താവനയാണ് അതെന്ന് അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു. കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി, കര്‍ഷകര്‍ പൊലീസിനെ ആക്രമിച്ചതിനാല്‍ പൊലീസ് ചെറുത്ത് നില്‍ക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്.

Top