കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം;ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിച്ച് കർഷകർ. കര്‍ഷകരുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍. ഡിസംബര്‍ മൂന്നിനാണ് കേന്ദ്രമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തുക. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതാണ്. രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും വരുമാനം ഇരട്ടിയാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി പ്രേം ചന്ദുമാജ്രയും പ്രതികരിച്ചു. കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തയ്യാറായിരുന്നുവെങ്കില്‍ ഇപ്പോഴുള്ള സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്നാണ് ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി പ്രേം ചന്ദുമാജ്ര പ്രതികരിച്ചത്. കുറഞ്ഞ താങ്ങുവില അടിസ്ഥാന അവകാശമാക്കണമെന്നും പുതിയ കാര്‍ഷിക നിയമം റദ്ദാക്കണമെന്നാണ് കര്‍ഷകുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധവുമായെത്തിയ ആയിരക്കണക്കിന് കര്‍ഷകരെ പൊലീസ് ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സമരം തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. ഇത് കര്‍ഷകരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു. കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.

Top