കുട്ടി മരിച്ച സംഭവം : പൊലീസ് സ്വമേധയാ കേസെടുത്തു, അധ്യാപകരും ഡോക്ടറും പ്രതികള്‍

വയനാട് : സുൽത്താൻ ബെത്തേരിയിൽ ക്ലാസ് മുറിയിൽവച്ച് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികള്‍. സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. അതേസമയം സർവജന സ്കൂളിന്‍റെ പ്രിൻസിപ്പാളിനെയും വൈസ്പ്രിൻസിപ്പാളിനെയും സസ്പെൻഡ് ചെയ്തു.

സ്കൂളിന്‍റെ പിടിഎ കമ്മിറ്റിയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ നടപടി. സ്കൂൾ പ്രിൻസിപ്പാൾ എ കെ കരുണാകരൻ, ഹൈസ്‍കൂളിന്‍റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പാൾ കെ കെ മോഹനൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻ‍ഡ് ചെയ്തിരുന്നു.

നവംബർ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്.

കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.

Top